ബിജെപിക്ക് പിന്തുണയോ? എൻസിപി എംഎൽഎമാരുടെ കത്തിനെ ചൊല്ലി സുപ്രീം കോടതിയിൽ തർക്കം

By Web TeamFirst Published Nov 25, 2019, 1:16 PM IST
Highlights
  • മൂന്ന് കത്തുകളാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന് കോടതിയിൽ ഹാജരാക്കിയത്
  • ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തിൽ എൻസിപി എംഎൽഎമാർ ഒപ്പുവച്ചിരുന്നില്ല

ദില്ലി: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ ഇന്ന് നടന്നത് ശക്തമായ വാദപ്രതിവാദം. എൻസിപി എംഎൽഎമാരുടെ ഒപ്പായിരുന്നു ഇതിൽ വാഗ്വാദങ്ങൾക്ക് തിരികൊളുത്തിയ പ്രധാനപ്പെട്ടൊരു വിഷയം.

 കോടതി നടപടികൾക്ക് തൊട്ടുമുൻപ് മുകുൾ റോത്തഗി മാധ്യമപ്രവർത്തകരോട് പറഞ്ഞത്, എൻസിപി എംഎൽഎമാർ ഒപ്പിട്ട കടലാസ് താൻ കണ്ടുവെന്നാണ്. ഫഡ്നവിസ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണർക്ക് സമർപ്പിച്ച കത്തിനൊപ്പം ഇതും ഉണ്ടായിരുന്നുവെന്നായിരുന്നു റോത്തഗി പറഞ്ഞത്.

ഇതോടെ സുപ്രീം കോടതിയിലെ വാദപ്രതിവാദത്തെ ആകാംക്ഷയോടെയാണ് നോക്കിക്കണ്ടത്. എന്നാൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തിൽ എൻസിപി എംഎൽഎമാർ ഒപ്പുവച്ചിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

മൂന്ന് കത്തുകളാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന് കോടതിയിൽ ഹാജരാക്കിയത്. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്ന് വ്യക്തമാക്കി ദേവേന്ദ്ര ഫഡ്‌നവിസ് സമർപ്പിച്ച കത്ത്, ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ബിജെപിയെ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കി അജിത് പവാർ നൽകിയ കത്ത്, സർക്കാർ രൂപീകരിക്കാൻ ഫഡ്‌നവിസിനെ ക്ഷണിച്ചുകൊണ്ട് ഗവർണർ നൽകിയ കത്ത് എന്നിവയാണിവ. 

എന്നാൽ ബിജെപി സർക്കാരിനെ പിന്തുണക്കുന്ന കത്തിലല്ല എൻസിപി എംഎൽഎമാർ ഒപ്പുവച്ചതെന്ന് കപിൽ സിബലും മനു അഭിഷേക് സിങ്‌വിയും പറഞ്ഞു. നിയമസഭാ കക്ഷി നേതാവായി അജിത് പവാറിനെ തെരഞ്ഞെടുത്ത കത്താണിത്. എന്നാൽ ഇപ്പോൾ അജിത്തല്ല, എൻസിപിയുടെ നിയമസഭാ കക്ഷി നേതാവെന്ന് സിങ്‌വി പറഞ്ഞു.

അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത കത്തിലാണ് എംഎൽഎ മാർ ഒപ്പിട്ടത്. ഇത് കള്ളത്തരമാണെന്നും അജിത്തിനെ നിയമസഭ കക്ഷി നേതൃ സ്ഥാനത്തു നിന്ന് നീക്കിയെന്നും സിങ്‌വി വ്യക്തമാക്കി.

തന്റെ കത്തിനാണ് ആധികാരികത എന്നും നിയമ സാധുത എന്നും അജിത് പവാറിന് വേണ്ടി അഭിഭാഷകൻ വാദിച്ചു. താനാണ് എൻസിപിയെന്ന് പറഞ്ഞ അജിത് പവാർ, തന്നെയാണ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതെന്നും ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ബിജെപിയെ പിന്തുണക്കുകയാണ് ചെയ്തതെന്നും പറഞ്ഞു. ഇതാണ് കത്തിലുള്ളതെന്നും ബിജെപി-എൻസിപി സഖ്യത്തിന് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ഗവർണർക്ക് ബോധ്യപ്പെട്ടുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എന്നാൽ സർക്കാർ രൂപീകരിക്കാൻ വ്യക്തമായ ഭൂരിപക്ഷം ബിജെപിക്കുണ്ടെന്ന് മുകുൾ റോത്തഗി പറഞ്ഞു. സർക്കാർ രുപികരിക്കാൻ തനിക്ക് ഭൂരിപക്ഷം ഉണ്ടെന്നും, ഇതിനായി സമർപ്പിച്ച രേഖകളിൽ ഒന്നും വ്യാജമല്ലെന്നും അദ്ദേഹം പറഞ്ഞു.

click me!