Latest Videos

അധ്യക്ഷപദവിയിൽ കണ്ണുനട്ട് നേതാക്കൾ: കോൺഗ്രസില്‍ കൂട്ടരാജി തുടരുന്നു

By Web TeamFirst Published Jul 7, 2019, 5:09 PM IST
Highlights

ദേശീയ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതാക്കളുടെ രാജി തുടരുകയാണ്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്ന് കമല്‍നാഥ്, മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറ എന്നിവർക്ക് പിന്നാലെ ഇപ്പോൾ ജ്യോതിരാദിത്യ സിന്ധ്യയും പാർട്ടി ചുമതല ഒഴിഞ്ഞു

ദില്ലി: രാഹുല്‍ ഗാന്ധി ഐഐസിസി അധ്യക്ഷ പദവിയില്‍നിന്ന് രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു. ഒടുവില്‍ ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയാണ് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. നേരത്തെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്ന് കമല്‍നാഥ്, മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറ എന്നിവരും രാജി സമര്‍പ്പിച്ചിരുന്നു.  ഇവര്‍ക്ക് പുറമെ, ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്, എഐസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ വിവേക് തന്‍ഗ, ഗോവ അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ തുടങ്ങിയ പ്രധാന നേതാക്കളാണ് രാജി സമര്‍പ്പിച്ചത്.  

കോണ്‍ഗ്രസ് അധ്യക്ഷ പദവി ലക്ഷ്യമിട്ടാണ് ദേശീയ നേതാക്കള്‍ രാജിവെക്കുന്നതെന്ന് സൂചനയുണ്ട്. രാഹുല്‍ ഗാന്ധി രാജിവെച്ചതിനെ തുടര്‍ന്ന് മോത്തിലാല്‍ വോറക്കാണ് ഇടക്കാല പ്രസിഡന്‍റ് സ്ഥാനം നല്‍കിയിരിക്കുന്നത്. നെഹ്റു കുടുംബത്തില്‍നിന്ന് പുറത്തുനിന്നുള്ള ആരെങ്കിലും അധ്യക്ഷനാകണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. അതുകൊണ്ട് തന്നെ പ്രിയങ്ക ഗാന്ധി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടില്ല. യുവാക്കളിലാരെങ്കിലും പാര്‍ട്ടി അധ്യക്ഷനാകണമെന്നാണ് പല കോണുകളില്‍നിന്നുയരുന്ന ആവശ്യം. അതുകൊണ്ട് തന്നെ ദേശീയ അധ്യക്ഷ സ്ഥാനത്തിനായി പല നേതാക്കളും ചരടുവലി തുടങ്ങി. 

ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദിയോറ എന്നിവര്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്താണ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതെന്ന് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ജനവിധി മാനിക്കുന്നുവെന്നും ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു. തന്‍റെ രാജി എഐസിസിക്കും രാഹുല്‍ ഗാന്ധിക്കും കൈമാറിയതായി സിന്ധ്യ അറിയിച്ചു. പാര്‍ട്ടിയെ സേവിക്കാനുള്ള അവസരം നല്‍കിയതില്‍ നന്ദിയുണ്ടെന്ന് സിന്ധ്യ വ്യക്തമാക്കി. 

click me!