മധ്യപ്രദേശില്‍ പ്രതിസന്ധി തുടരുന്നു; ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Mar 10, 2020, 10:51 AM IST
Highlights

സിന്ധ്യയുടെ പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല. സിന്ധ്യ കടത്തിയവരില്‍ അഞ്ച് പേർ നിലവിൽ മന്ത്രിമാരാണെന്നത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു. 

ഭോപ്പാല്‍: കോണ്‍ഗ്രസ് വിമത നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കെന്ന് ദേശീയമാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വിമത എംഎല്‍എമാരുമായി സിന്ധ്യ  ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയിലേക്കുള്ള സിന്ധ്യയുടെ കൂടുമാറ്റത്തെ പ്രധാനമന്ത്രി പിന്തുണച്ചതായാണ് സൂചന. മധ്യപ്രദേശില്‍ പ്രതിസന്ധി ഉടലെടുത്തതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമത് ഷാ ദില്ലിയില്‍ പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. 

അതേസമയം, സിന്ധ്യയെ ബന്ധപ്പെടാനാകുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞു. പന്നിപ്പനി ബാധിച്ചത് കാരണം സിന്ധ്യ ആരുമായും ബന്ധപ്പെടുന്നില്ലെന്നാണ് പറയുന്നത്. കോണ്‍ഗ്രസിന്‍റേത് ആഭ്യന്തര പ്രശ്നമാണെന്നും എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി ശ്രമിക്കുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തിന് ഭരിക്കുന്ന കമല്‍നാഥ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയാണ് ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തെ അനുകൂലിക്കുന്ന 19 പേരും മുങ്ങിയത്. ഇവര്‍ ബെംഗളൂരുവിലെ ഹോട്ടലിലുണ്ടെന്നാണ് സൂചന. 

ജ്യോതിരാദിത്യ സിന്ധ്യയുടെ അപ്രതീക്ഷിത നീക്കത്തെ തുടര്‍ന്ന്, സർക്കാരിനെ നിലനിർത്താൻ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവച്ചതായി മുഖ്യമന്ത്രി കമൽനാഥ് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കാണ് മന്ത്രിമാർ രാജി സമർപ്പിച്ചത്. വിമതര്‍ക്കെല്ലാം മന്ത്രിപദവിയാണ് കമൽനാഥിന്‍റെ വാഗ്ദാനം. രാത്രിയിൽ ഭോപ്പാലിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇതിന് പിന്നാലെ ജ്യോതിരാദിത്യസിന്ധ്യയ്ക്ക് സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷപദവിയും കമൽനാഥ് വച്ചുനീട്ടി. പക്ഷേ, സിന്ധ്യയുടെ പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല. സിന്ധ്യ കടത്തിയവരില്‍ അഞ്ച് പേർ നിലവിൽ മന്ത്രിമാരാണെന്നത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു. 

click me!