സ്‌കോര്‍ ചെയ്ത് ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് ബിജെപിക്കൊപ്പം, തിരിച്ചുപിടിക്കാനാകാതെ കോണ്‍ഗ്രസ്

By Web TeamFirst Published Nov 10, 2020, 3:40 PM IST
Highlights


ഏഴ് സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായത്. ഒരു സീറ്റില്‍ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി)യും മുന്നിട്ട് നില്‍ക്കുന്നു.
 

ഭോപ്പാല്‍: കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ നിര്‍ണ്ണായകമായ മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ തന്ത്രങ്ങള്‍ക്ക് വിജയം. 28 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ ബിജെപി വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് ആവശ്യം കുറഞ്ഞത് 9 സീറ്റുകളായിരുന്നെങ്കില്‍ 11 സീറ്റുകളില്‍ കൂടി മുന്നിലാണ് ബിജെപി 

ഏഴ് സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായത്. ഒരു സീറ്റില്‍ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി)യും മുന്നിട്ട് നില്‍ക്കുന്നു. ഔദ്യോഗികഫലം പുറത്തുവന്നിട്ടില്ലെങ്കിലും 21 സീറ്റ് കീട്ടിയാല്‍ മാത്രം ഭരണം തിരിച്ചുപിടിക്കാനാകൂ എന്നിരിക്കെ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റേത് വലിയ പതനമാകുകയാണ്.

മൊറേന മണ്ഡലത്തിലാണ് ബിഎസ്പി ലീഡ് ചെയ്യുന്നത്. മാര്‍ച്ചില്‍ ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് കളമൊരുങ്ങിയത്. സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് പടിയിറങ്ങിയ എംഎല്‍എമാര്‍ മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 

അതേസമയം മുഴുവന്‍ ഫലവും പുറത്തുവരട്ടെ എന്നും വിധി എന്തുതന്നെ അയാലും ബഹുമാനിക്കുമെന്നും വോട്ടുചെയ്തവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ കമല്‍നാഥ് പ്രതികരിച്ചു. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത് 83 എംഎല്‍എമാര്‍ മാത്രമാണ്. വീണ്ടും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് വേണ്ടത് ഏറ്റവും കുറഞ്ഞത് 21 സീറ്റാണ്. 109 സീറ്റുള്ള ബിജെപിക്ക് കുറഞ്ഞത് 9 സീറ്റെങ്കിലും കിട്ടിയാലെ ഭരണം നിലനിര്‍ത്താനാകൂ.

click me!