
പാറ്റ്ന: ബിഹാറിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്നും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്‍സ്വാൾ. തെരഞ്ഞെടുപ്പിന് മുമ്പുള്ള ധാരണയിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ഫലം വരാൻ വൈകുമെന്നാണ് വിവരം. നിലവിൽ കേവലഭൂരിപക്ഷത്തിന് ആവശ്യമായതിലുമേറെ സീറ്റുകളിൽ എൻഡിഎ സഖ്യം മുന്നേറുന്നുണ്ട്. എന്നാൽ ഇതുവരെ 31 ശതമാനം വോട്ട് മാത്രമേ എണ്ണിക്കഴിഞ്ഞുള്ളൂ. 69 ശതമാനം വോട്ട് ഇനിയും എണ്ണാനുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.
കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് ഒരു ഹാളില്‍ ഏഴ് മേശകളിൽ മാത്രമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആകെ നാല് കോടി വോട്ട് എണ്ണാനുണ്ട്. ഇതിന്റെ 31 ശതമാനം മാത്രമേ എണ്ണിത്തീർന്നുള്ളൂ. അതേസമയം ഇപ്പോഴത്തെ ലീഡ് നിലയിൽ മാറ്റങ്ങൾ വലിയ തോതിൽ ഉണ്ടായേക്കും. 74 സീറ്റുകളിൽ ആയിരത്തിൽ താഴെയാണ് ലീഡെന്നതാണ് കാരണം. ഇതിൽ തന്നെ 42 മണ്ഡലങ്ങളിലും വോട്ട് വ്യത്യാസം 500 നടുത്താണ്. ഏഴ് മണ്ഡലങ്ങളിലെ വോട്ട് വ്യത്യാസം 200 ൽ താഴെയാണെന്നതും പ്രധാനമാണ്. അതിനാൽ തന്നെ എൻഡിഎക്കും മഹാസഖ്യത്തിനും ആശങ്കയും പ്രതീക്ഷയുമേകുന്നതാണ് ഇനി വരുന്ന മണിക്കൂറുകൾ.
കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യപൊതു തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് വളരെ പതുക്കെയാണ് വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നത്. പ്രാദേശിക - ദേശീയ മാധ്യമങ്ങൾ പുറത്തു വിടുന്ന കണക്കനുസരിച്ച് ബിഹാറിൽ തെളിയുന്ന അന്തിമചിത്രം അനിശ്ചിതമായ ഒന്നായിരിക്കാൻ സാധ്യതയുണ്ട്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ ഏഴ് മണിക്കൂറായി തുടരുന്നുണ്ട്. എന്നാൽ കൃത്യമായൊരു ചിത്രം തെളിയുന്നില്ല. നാലിലൊന്ന് വോട്ടുകള്‍ മാത്രം എണ്ണി കഴിഞ്ഞപ്പോള്‍ എൻഡിഎയ്ക്ക് മേൽക്കൈ അവകാശപ്പെടാം എന്ന് മാത്രമാണ് നിലവിലെ ചിത്രം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam