
അഹമ്മദാബാദ്: ഗുജറാത്തിലെ തോൽവി ആഴത്തിൽ പരിശോധിക്കുമെന്ന് കെ സി വേണുഗോപാൽ. ബൂത്ത് തലങ്ങളിൽ നല്ല പ്രവർത്തനം നടന്നെന്നാണ് കിട്ടിയ റിപ്പോർട്ട്. ഗൗരവമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപി പേടിക്കുന്നത് രാഹുൽ ഗാന്ധിയെ തന്നെയാണ്. ഭാരത് ജോഡോ യാത്രയുടെ ഗുണം ഉടൻ ഉണ്ടാകില്ല, അത് തുടരുകയാണ്. ഗുജറാത്തിൽ നിശബ്ദ പ്രചാരണം പാളിയോ എന്നത് പരിശോധിക്കും. ആംആദ്മി പാർട്ടി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഹിമാചൽ പ്രദേശിൽ നേടിയത് തിളക്കമുള്ള വിജയമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ച നടക്കുന്നു. ഉടൻ തീരുമാനം ഉണ്ടാകില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വെറും 16 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഗുജറാത്തിൽ ഇത്തവണ കോൺഗ്രസ് നേരിട്ടത്. ഗുജറാത്ത് ചരിത്രത്തിലെ എക്കാലത്തെയും വലിയ സീറ്റ് നിലയോടെയാണ് ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചത്.
കഴിഞ്ഞ തവണ കോൺഗ്രസിന് മേധാവിത്വം നൽകിയ സൗരാഷ്ട്ര കച്ച് മേഖലയിൽ ഇത്തവണ കോൺഗ്രസ് തരിപ്പണമായി. തെക്കൻ ഗുജറാത്തിലും മധ്യഗുജറാത്തിലും കോൺഗ്രസിന് കരുത്തുള്ള വടക്കൻ ഗുജറാത്തിൽ പോലും ബിജെപിക്ക് എതിരുണ്ടായില്ല. വോട്ട് വിഹിതം ഇത്തവണ 50 ശതമാനമാണ് കടന്നത്. മോർബി ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണ വിരുധ വികാരം അങ്ങനെ പ്രചാരണത്തിന്‍റെ തുടക്കത്തിൽ തലവേദനയായ വിഷയങ്ങളെല്ലാം ചിട്ടയായ പ്രചാരണത്തിലൂടെ മറികടക്കാൻ ബിജെപിക്കായി. മോദിയോട് ഗുജറാത്തികൾക്കുള്ള താല്‍പ്പര്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടിയതിൽ നിന്ന് വ്യക്തമാണ്. വീണ്ടുമൊരിക്കൽ കൂടി അത് മുതലാക്കാൻ പ്രചാരണത്തിൽ മോദിയെ ഇറക്കി മോദിക്കായി വോട്ട് നൽകു എന്ന ആഹ്വാനമാണ് ബിജെപി നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam