
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡി എം കെ - കോൺഗ്രസ് സീറ്റ് ചർച്ചയിൽ ധാരണയായില്ല. എം കെ സ്റ്റാലിനും കെ സി വേണുഗോപാലും നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായില്ല. അതേ സമയം സൗഹൃദ സന്ദർശനം മാത്രമെന്നാണ് നേതാക്കളുടെ പ്രതികരണം. ഹൈക്കമാൻഡ് സന്ദേശം സ്റ്റാലിന് കെ സി വേണുഗോപാൽ കൈമാറി. മുദ്രവച്ച കവർ കൈമാറി എന്നാണ് സൂചന. മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല.
അപ്രതീക്ഷിതമായാണ് കെ സി വേണുഗോപാൽ സ്റ്റാലിന്‍റെ വസതിയിൽ എത്തിയത്. സഖ്യ കക്ഷികളുമായുള്ള സീറ്റ് ചർച്ചകൾ ഡി എം കെ തുടങ്ങിയ ദിവസമാണ് ഇന്ന്. എന്നാൽ കോണ്‍ഗ്രസുമായുള്ള ചർച്ചയുടെ തിയ്യതി ഡി എം കെ പ്രഖ്യാപിച്ചിരുന്നില്ല. അധികാരത്തിൽ പങ്ക്, അതുപോലെ സീറ്റുകളുടെ എണ്ണം കൂട്ടണം എന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കൾ കുറച്ചുകാലമായി ആവശ്യപ്പെടുകയാണ്. തുടർന്ന് എതിർപ്പുമായി ചില ഡി എം കെ നേതാക്കൾ പരസ്യമായി രംഗത്തെത്തുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. 18 സീറ്റുകളിൽ വിജയിച്ചു. ഇത്തവണ നാൽപതോളം സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അത്രയും സീറ്റുകൾ വിട്ടുകൊടുക്കാൻ ഡി എം കെ തയ്യാറല്ല. അതിനാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് എന്തു നിലപാടെടുക്കും എന്നത് നിർണായകമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam