മുരളീധരന്‍ സോണിയ ഗാന്ധിയെ കണ്ടു: വട്ടിയൂര്‍ക്കാവില്‍ പാളിച്ചയുണ്ടായെന്ന് പരാതി

By Web TeamFirst Published Nov 8, 2019, 10:41 AM IST
Highlights


സംഘടനാപരമായ പാളിച്ച വട്ടിയൂര്‍ക്കാവിലുണ്ടായിട്ടുണ്ടെന്ന് മുരളീധരന്‍ സോണിയയെ അറിയിച്ചു. 

ദില്ലി: വടകര എംപി കെ മുരളീധരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. രാവിലെ സോണിയയുടെ വസതിയിലെത്തിയാണ് മുരളി അവരെ കണ്ടത്. കൂടിക്കാഴ്ചയില്‍ വട്ടിയൂര്‍ക്കാവിലെ തോല്‍വിയെപ്പറ്റിയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത് എന്നാണ് സൂചന.

യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവിലുണ്ടായ പരാജയത്തിന് പിന്നാലെ നിരവധി പരാതികളാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നിലെത്തിയത്. ഈ സാഹചര്യത്തിലാണ് മുരളീധരന്‍ നേരിട്ട് സോണിയയെ കണ്ട് പരാജയം സംബന്ധിച്ച് വിശദീകരണം നല്‍കിയത്. 

സംഘടനാപരമായ പാളിച്ച വട്ടിയൂര്‍ക്കാവിലുണ്ടായിട്ടുണ്ടെന്ന് മുരളീധരന്‍ സോണിയയെ അറിയിച്ചു. എന്‍എസ്എസ് നല്‍കിയ പരസ്യപിന്തുണ മൂലം ന്യൂനപക്ഷങ്ങള്‍ മുന്നണിയില്‍ നിന്നും അകലാന്‍ ഇടയായെന്നും എന്നാല്‍ അതിനനുസരിച്ച് ഭൂരിപക്ഷത്തില്‍ നിന്നും വോട്ടുകളെത്തിയില്ലെന്നും മുരളീധരന്‍ സോണിയയെ ധരിപ്പിച്ചു.  

കെപിസിസിയില്‍ പുനസംഘടന നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ താന്‍ നിര്‍ദേശിക്കുന്നവരേയും പരിഗണിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടതായാണ് സൂചന. യൂത്ത് കോണ്‍ഗ്രസില്‍ പുതിയ നേതൃത്വത്തെ സമവായത്തിലൂടെ കണ്ടെത്തണമെന്നും തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും മുരളീധരന്‍ സോണിയയോട് ആവശ്യപ്പെട്ടു. 
 

click me!