ഹോംവർക്ക് ചെയ്തില്ല; ‍ഇരുമ്പ് ദണ്ഡുകൊണ്ട് വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂരമർദ്ദനം, കേസ്

By Web TeamFirst Published Nov 8, 2019, 10:08 AM IST
Highlights

ആരോഗ്യ പ്രശ്നങ്ങളാൽ താൻ കഴിഞ്ഞ കുറച്ചുദിവസമായി ക്ലാസിൽ ഹാജരായിരുന്നില്ല. ഇക്കാര്യം താൻ അധ്യാപികയോട് പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ തന്നെ മറ്റുള്ള കുട്ടികളുടെ മുമ്പിൽ വച്ച് മർദ്ദിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ജയ്പൂർ: പ്ലസ് വൺ വിദ്യാർത്ഥിയെ അധ്യാപിക ഇരുമ്പ് ദണ്ഡ് ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. ഹോംവർക്ക് ചെയ്യാത്തതിനാണ് കുട്ടിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു.

ഡോങ്കര്‍ വിദ്യാപിത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അധ്യാപികയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആരോഗ്യ പ്രശ്നങ്ങളാൽ താൻ കഴിഞ്ഞ കുറച്ചുദിവസമായി ക്ലാസിൽ ഹാജരായിരുന്നില്ല. ഇക്കാര്യം താൻ അധ്യാപികയോട് പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ തന്നെ മറ്റുള്ള കുട്ടികളുടെ മുമ്പിൽ വച്ച് മർദ്ദിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

കുട്ടി കരഞ്ഞുകൊണ്ട് വീട്ടിൽ എത്തിയപ്പോൾ മാതാപിതാക്കൾ കാര്യം തിരക്കി. കാര്യമറിഞ്ഞ ഉടന്‍ സ്‌കൂളിലെത്തി അന്വേഷിച്ചെങ്കിലും നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്‌തോളൂ എന്നായിരുന്നു അധികൃതരുടെ മറുപടിയെന്ന് കുട്ടിയുടെ അമ്മ പറയുന്നു. തന്റെ മകൻ പഠനത്തിൽ മോശമല്ലെന്നും പത്താം ക്ലാസില്‍ 83ശതമാനം മാര്‍ക്ക് നേടിയിരുന്നെന്നും അമ്മ കൂട്ടിച്ചേർത്തു.

അതേസമയം, വിദ്യാർത്ഥിയുടെ ശരീരത്തിൽ ഇരുമ്പ് ദണ്ഡ് ഉപയോ​ഗിച്ച് മർദ്ദിച്ചതിന്റെ പാടുകളുണ്ടെന്നും വൈദ്യ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. കുട്ടികളെ അടിക്കാനുള്ള അധികാരം ആര്‍ക്കും ഇല്ലെന്നും ആരോപണം സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
 

click me!