
തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കേന്ദ്ര സർക്കാരിന്‍റെ നടപടി രാഷ്ട്രീയ കുടിപ്പകയുടെ ഭാഗമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. നരേന്ദ്ര മോദിയുടെയും സംഘപരിവാര്‍ ശക്തികളുടെയും ഫാസിസ്റ്റ് ശൈലിക്കെതിരായി നിരന്തരം ശബ്ദം ഉയര്‍ത്തുന്ന സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും കേന്ദ്ര ഏജന്‍സികളുടെ ഓലപാമ്പ് കാട്ടി ഭയപ്പെടുത്താമെന്നും നിശബ്ദരാക്കാമെന്നും മോദി കരുതുന്നത് അദ്ദേഹം മൂഢസ്വര്‍ഗത്തില്‍ ആയതുകൊണ്ടാണ്. രാജ്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച കുടുംബത്തിന്‍റെ പാരമ്പര്യമുള്ള ഇരുവരുടെയും മഹത്വം തിരിച്ചറിയാന്‍ മോദിക്ക് കഴിയില്ല. മോദിയേയും കൂട്ടരേയും പോലെ രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിച്ച് കുടുംബത്ത് കൊണ്ടുപോകണ്ട ഗതികേട് നെഹ്റു കുടുംബത്തിനില്ലെന്നും സുധാകരൻ പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസ്: കോൺഗ്രസിനെ ഭീഷണിപ്പെടുത്താമെന്നത് ബിജെപിയുടെ വ്യാമോഹം: കെ സി വേണുഗോപാൽ
കോൺഗ്രസിനെതിരെ കഴിഞ്ഞ എട്ട് വർഷമായി മോദി സർക്കാർ നടത്തുന്ന നെറികെട്ട രാഷ്ട്രീയത്തിന്‍റെയും തുടർച്ചയാണിത്. 2015 - ൽ തെളിവില്ലാത്തതിന്‍റെ പേരില്‍ അവസാനിപ്പിച്ച കേസ് വീണ്ടും കുത്തിപ്പൊക്കുന്ന നടപടിയില്‍ നിന്നു തന്നെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മോദിയും കൂട്ടരും കോണ്‍ഗ്രസിനെയും നെഹ്റു കുടുംബത്തേയും എത്രത്തോളം ഭയക്കുന്നുയെന്ന് വ്യക്തമാണ്. കേന്ദ്ര ഏജന്‍സികളെ എന്തെല്ലാം വൃത്തികെട്ട രാഷ്ട്രീയ നേട്ടത്തിനും പകപോക്കലിനും ഉപയോഗിക്കുമെന്ന് മോദി നേരത്തെയും തെളിയിച്ചിട്ടുണ്ട്. മോദിയുടെ വിദ്വേഷ ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ച് രാജ്യത്തിന്‍റെ മതേതരത്വം സംരക്ഷിക്കാന്‍ പോരാടുന്ന നേതാക്കളാണ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും. അവരെ തേജോവധം ചെയ്യുന്ന മോദിയുടെ നടപടി ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും സഹിക്കാനാവില്ല. രാഷ്ട്രീയ പകയുടെ പേരില്‍ ഇത്തരം നടപടികള്‍ തുടരാനാണ് മോദിയും സംഘപരിവാര്‍ ശക്തികളും ശ്രമിക്കുന്നതെങ്കില്‍ കയ്യുംകെട്ടി ഗ്യാലറിയിലിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാവില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ നേരിടാന്‍ മോദിയുടെയും അമിത് ഷായുടെയും മുഴുവന്‍ പൊലീസിനെയും രാജ്യത്ത് അണിനിരത്തിയാലും മതിയാകില്ലെന്നും സുധാകരന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണത്തിനെതിരായ ജനരോഷം ഭയന്ന് അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഗാന്ധി കുടുംബത്തനെതിരായ കേസ്. നരേന്ദ്ര മോദിയും ബിജെപിയും തുഗ്ലക് പരിഷ്ക്കാരങ്ങളിലൂടെ രാജ്യത്തെ നയിക്കുന്നത് ശ്രീലങ്കയുടെ പാതയിലേക്കാണ്. മോദിയുടെ ഭരണ പരിഷ്ക്കാരം കാരണം രാജ്യം വന്‍ സാമ്പത്തിക തകർച്ച നേരിടുകയാണ്. തൊഴിലില്ലായ്മ പെരുകി. നികുതി ഭീകരത കാരണം ജനത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഏത് നിമിഷവും ജനങ്ങളുടെ ഭാഗത്ത് നിന്നും രോഷം അണപൊട്ടിയൊഴുകുന്ന സ്ഥിതിയാണ്. ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ഭയന്നുള്ള രാഷ്ട്രീയ ഗിമ്മിക്കുകളാണ് സോണീയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരാ ഇ ഡി നോട്ടീസ്. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാന്‍ തന്‍റേടമില്ലാത്തതിനാലാണ് ഇത്തരം തരംതാണ വേട്ടയാടല്‍ നാടകം മോദി തുടരുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam