
ദില്ലി: കച്ചത്തീവ് വിഷയത്തിൽ തുടർച്ചയായ രണ്ടാം ദിവസവും കോൺഗ്രസിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിന് 10,000 ഏക്കർ ഭൂമി വിട്ടുകൊടുത്തത് മോദി വിശദീകരിക്കണമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. വോട്ടിനായുള്ള നാടകം മോദി മതിയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പറഞ്ഞു.
1974ൽ കച്ചത്തീവ് ദ്വീപിൽ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാൻ പോകുന്നതായി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്ന റിപ്പോർട്ടാണ് നരേന്ദ്ര മോദിയും ബിജെപിയും ഇന്ന് ആയുധമാക്കിയത്. ഡിഎംകെയുടെ ഇരട്ടത്താപ്പ് പുറത്തുവന്നതായി വിമർശനം ഉന്നയിച്ചു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള പാക്ക് കടലിടുക്കിലെ ഒരു ചെറുദ്വീപാണ് കച്ചത്തീവ്.
അതേസമയം ബംഗ്ലാദേശിന് 17,000 ഏക്കർ ഭൂമി മോദി സർക്കാർ വിട്ടുകൊടുത്തപ്പോൾ പകരം ഏഴായിരം ഏക്കർ ഭൂമി മാത്രമാണ് ലഭിച്ചതെന്ന് കോൺഗ്രസ് വിമർശിച്ചു. ചൈനീസ് ഭൂപടത്തിൽ അരുണാചൽ ഉൾപ്പെട്ടതിൽ മോദിക്കെന്ത് മറുപടിയുണ്ടെന്നും ചോദിച്ചു. 10 വർഷം കുംഭകർണനെ പോലെ ഉറങ്ങിയ മോദി, മത്സ്യത്തൊഴിലാളി വോട്ടിനായി നടത്തുന്ന നാടകം മതിയാക്കണമെന്നും തമിഴ്നാടിന് പ്രളയ സഹായം പോലും നിഷേധിക്കുന്നതിനെ കുറിച്ച് സംസാരിക്കണമെന്നും എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam