ഫ്ലക്സ് ബോര്‍ഡ് വീണ് യുവതി മരിച്ചതിന് ഉത്തരവാദി തമിഴ്നാട് സര്‍ക്കാരെന്ന് കമല്‍ ഹാസന്‍

By Web TeamFirst Published Sep 20, 2019, 2:59 PM IST
Highlights

ചെന്നൈയില്‍ ബൈക്കിന് മുന്നിലേക്ക് ഫ്ലക്സ് വീണ് അപകടത്തില്‍പ്പെട്ട് യുവതി മരിച്ച സംഭവത്തിന് ഉത്തരവാദി തമിഴ്നാട് സർക്കാരാണെന്ന് കമൽഹാസൻ. 

ചെന്നൈ: ചെന്നൈയില്‍ ബൈക്കിന് മുന്നിലേക്ക് ഫ്ലക്സ് വീണ് അപകടത്തില്‍പ്പെട്ട് യുവതി മരിച്ച സംഭവത്തിന് ഉത്തരവാദി തമിഴ്നാട് സർക്കാരാണെന്ന് കമൽഹാസൻ. യുവതിയുടെ മരണത്തിന്  ഉത്തരവാദികളായ രാഷ്ട്രീയകാർക്ക് നേരെ കർശന നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ, അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണ് നിയന്ത്രണം വിട്ട ബൈക്കില്‍ പിന്നാലെ വന്ന ടാങ്കറിലിടിച്ചായിരുന്നു അപകടം. ചെന്നൈയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനിയറായ 23കാരി ശുഭശ്രീ ആയിരുന്നു മരിച്ചത്. 

പള്ളവാരം - തൊരൈപാക്കം റോഡിലൂടെ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയുടെ മേല്‍ പടുകൂറ്റന്‍ ഫ്ലക്സ് വന്നുവീഴുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പിന്നാലെ വന്ന ടാങ്കര്‍ ലോറി യുവതിയുടെ വാഹനത്തില്‍ ഇടിക്കുകയും ചെയ്തു. തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ യുവതി ഹെല്‍മറ്റ് വച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും നിലവിലെ മുഖ്യമന്ത്രി പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്‍റെയും ചിത്രങ്ങള്‍ പതിച്ച ബോര്‍ഡാണ് തകര്‍ന്നുവീണത്. പനീര്‍ശെല്‍വവും പളനിസ്വാമിയും പങ്കെടുക്കാനിരിക്കുന്ന ഒരു വിവാഹത്തിന്‍റെ വിളമ്പര പോസ്റ്റര്‍ ആയിരുന്നു അത്. 

ഫ്ലക്സ് ബോര്‍ഡ് അനധികൃതമായി സ്ഥാപിച്ചതാണെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് ജോയിന്‍റ് കമ്മീഷണര്‍ സി മഹേശ്വരി പറഞ്ഞു. ടാങ്കര്‍ ലോറിയുടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്ലക്സ് തയ്യാറാക്കി നല്‍കിയ പ്രസ് സീല്‍ ചെയ്തിട്ടുണ്ട്. യുവതിയുടെ മരണത്തില്‍ സര്‍ക്കാരിനെതിരെ ഡിഎംകെയും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

click me!