വച്ചൊഴിയാൻ കമൽ നാഥ്? മധ്യപ്രദേശിൽ വിശ്വാസവോട്ടിന് മുമ്പ് രാജി നൽകിയേക്കും

By Web TeamFirst Published Mar 20, 2020, 8:28 AM IST
Highlights

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഉത്തരവ് പുറപ്പെടുവിച്ചപ്പോൾത്തന്നെ കമൽനാഥ് സർക്കാരിന്‍റെ അവസാനം കുറിച്ചു കഴിഞ്ഞിരുന്നു. ഇന്നലെ 16 എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഭോപ്പാൽ: കമൽനാഥ് സർക്കാരിന്‍റെ ഭാവി ഇന്നറിയാം. ഇന്ന് വൈകിട്ട് 5 മണിക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് പ്രകാരം നിയമസഭയിൽ എല്ലാ എംഎൽഎമാർക്കും വിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് ബിജെപിയും കോൺഗ്രസും. രണ്ട് മണിക്ക് വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. 

നിർബന്ധമായും സഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കാണിക്കുന്ന ത്രീ ലൈൻ വിപ്പാണ് ഇരുപാർട്ടികളും എംഎൽഎമാർക്ക് നൽകിയിരിക്കുന്നത്. എന്നാൽ വിശ്വാസവോട്ടെടുപ്പിലേക്ക് പോകാൻ സാധ്യതയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. 16 വിമത എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിച്ച സാഹചര്യത്തിൽ കമൽനാഥ് വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജി വയ്ക്കാനാണ് സാധ്യത.

കൊറോണവൈറസ് ബാധ കാരണം അടച്ചിടുകയാണെന്ന് പറഞ്ഞ നിയമസഭ ഒരു ദിവസം ചേരണം എന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ''മധ്യപ്രദേശ് നിയമസഭാ സമ്മേളനം നിർത്തി വച്ചിരിക്കുകയാണല്ലോ. അത് ഒരു ദിവസത്തേക്ക് വീണ്ടും ചേരണം. മാർച്ച് 20-ന് വൈകിട്ട് 5 മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തുക എന്നത് മാത്രമാകും ഒരു ദിവസസമ്മേളനത്തിന്‍റെ അജണ്ട'', എന്ന് സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. ഇതോടെ, കൊറോണ ബാധ ചൂണ്ടിക്കാട്ടി സർക്കാരിന്‍റെ ആയുസ്സ് നീട്ടാനുള്ള കോൺഗ്രസ് ശ്രമങ്ങളും പാളി.

ബംഗളുരുവിൽ പാർപ്പിച്ചിരുന്ന, ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന വിമത എംഎൽഎമാർക്ക് നിയമസഭയിലേക്ക് വരണമെങ്കിൽ അതിന് വേണ്ട സുരക്ഷ ബംഗളുരു പൊലീസും മധ്യപ്രദേശ് പൊലീസും നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിൽ പറയുന്നുണ്ട്. 

തിരിച്ചടിയായ ഉത്തരവിനെക്കുറിച്ച്, വിശദമായി പഠിച്ച് തീരുമാനമെടുക്കുമെന്നാണ് കമൽനാഥ് പ്രതികരിച്ചത്. ''വിദഗ്‍ധ നിയമോപദേശം തേടും. എന്നിട്ടെന്ത് വേണമെന്ന് തീരുമാനിക്കും'', എന്ന് കമൽനാഥ്. 

ആറ് മന്ത്രിമാരടക്കം 22 കോൺഗ്രസ് എംഎൽഎമാരാണ് കഴി‍ഞ്ഞയാഴ്ച രാജി സമർപ്പിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന ഈ എംഎൽഎമാരെ ആദ്യം ഹരിയാനയിലേക്കും പിന്നീട് കർണാടകയിലേക്കും കടത്തി. ഇതോടെ സർക്കാർ തുലാസ്സിലായി. തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം കോൺഗ്രസിലോ സർക്കാരിലോ ഒരു പദവി കിട്ടാതിരുന്നതിൽ പുകയുന്ന അതൃപ്തിയുമായി തുടർന്ന ജ്യോതിരാദിത്യ സിന്ധ്യ പ്രതീക്ഷിച്ചത് പോലെത്തന്നെ ബിജെപിയിലെത്തി. പിന്നാലെ സിന്ധ്യയ്ക്ക് രാജ്യസഭാ സീറ്റും കിട്ടി. വേറെ വഴിയില്ലാതെ ആദ്യം രാജി സമർപ്പിച്ച ആറ് എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിച്ചു. പിന്നീട് ഇന്നലെ രാത്രി ബാക്കിയുള്ള 16 പേരുടെയും രാജി അംഗീകരിച്ചു.

കണക്കിലെ കളികളെന്ത്?

ആകെ നിയമസഭാ സീറ്റുകൾ - 230
ഒഴിഞ്ഞു കിടക്കുന്നവ - 2
രാജി വച്ചവർ - 22

ഇതോടെ 206 ആയി ആകെ നിയമസഭയിലെ അംഗബലം ചുരുങ്ങി

ഇപ്പോൾ,
കേവല ഭൂരിപക്ഷത്തിന് വേണ്ടത് 104

ബിജെപി 106

കേവല ഭൂരിപക്ഷത്തിൽ നിന്ന് 2 കൂടുതൽ

കോൺഗ്രസ് - 92
ബിജെപി വിമതൻ - 1
എസ്പി - 1
ബിഎസ്പി - 2
സ്വതന്ത്രർ - 4
യുപിഎ സഖ്യം ആകെ - 100

കേവല ഭൂരിപക്ഷത്തിന് 4 കുറവ്

click me!