Maharashtra Crisis : 'കോൺ​ഗ്രസ് എംഎൽഎമാർ വിൽപ്പനയ്ക്കുള്ളതല്ല'; പാർട്ടി ഒറ്റക്കെട്ടാണെന്ന് കമൽനാഥ്

Published : Jun 22, 2022, 07:14 PM IST
Maharashtra Crisis : 'കോൺ​ഗ്രസ് എംഎൽഎമാർ വിൽപ്പനയ്ക്കുള്ളതല്ല'; പാർട്ടി ഒറ്റക്കെട്ടാണെന്ന് കമൽനാഥ്

Synopsis

അതേസമയം, അവിശ്വാസം നേരിട്ട് അറിയിച്ചാല്‍ രാജിയെന്ന നിലപാടിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജി കത്ത് തയ്യാറാണെന്നും വിമതർ മുന്നിലെത്തി രാജി ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയാമെന്നും ഉദ്ധവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു

മുംബൈ: രാജ്യമാകെ മഹാരാഷ്ട്രയിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളിലേക്ക് ഉറ്റുനോക്കുമ്പോൾ കോൺ​ഗ്രസ് പാർട്ടിയിൽ തർക്കങ്ങളില്ലെനും എല്ലാവരും ഒറ്റക്കെട്ടാണെന്നും വിശദീകരിച്ച് മുതിർന്ന നേതാവ് കമൽനാഥ്. കോൺ​ഗ്രസ് എംഎൽഎമാർ വിൽപ്പനയ്ക്കുള്ളതല്ലെന്നും രൂക്ഷ ഭാഷയിൽ അദ്ദേഹം പറഞ്ഞു. നേരത്തെ, മഹാരാഷ്ട്രയിലെ ​ഗുരുതര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കമൽനാഥിനെ സംസ്ഥാനത്തേക്ക് പ്രത്യേക നിരീക്ഷകനായി എഐസിസി നിയോ​ഗിച്ചിരുന്നു.

അതേസമയം, അവിശ്വാസം നേരിട്ട് അറിയിച്ചാല്‍ രാജിയെന്ന നിലപാടിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജി കത്ത് തയ്യാറാണെന്നും വിമതർ മുന്നിലെത്തി രാജി ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയാമെന്നും ഉദ്ധവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ, ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. താക്കറെയുടെ പ്രത്യേയശാസ്ത്രം മുന്നോട്ട് കൊണ്ടു പോകും. ചില എംഎൽമാരെ കാണാനില്ല.

ചിലരെ സൂറത്തിൽ കണ്ടു. ചില എംഎൽഎമാര്‍ തിരികെ വരാൻ ആശിക്കുന്നുണ്ടെന്നും പറഞ്ഞ ഉദ്ധവ് താക്കറെ, എതിര്‍പ്പ് നേരിട്ടറിയിക്കാന്‍ ഏക്നാഥ് ഷിൻഡേയെ വെല്ലുവിളിച്ചു. ശിവസേന പിളര്‍പ്പിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഉദ്ദവിന്റെ പ്രതികരണം. ഇതിനിടെ ഗുവാഹത്തിയിൽ തങ്ങുന്ന 34 വിമത എംഎൽഎമാര്‍ ഏകനാഥ് ഷിന്‍ഡേയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇക്കാര്യമറിയിച്ച് ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നൽകി. പുതിയ ചീഫ് വിപ്പിനെയും തെരഞ്ഞെടുത്തു,

ശിവസേന വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കണമെന്ന് ഉദ്ധവ് താക്കറെയുടെ അന്ത്യശാസനം തള്ളിക്കൊണ്ടാണ് വിമതര്‍ നീക്കം ശക്തമാക്കിയത്. ഇതോടെ അഞ്ച് മണിക്ക് വിളിച്ചിരുന്ന യോഗം ശിവസേന ഉപേക്ഷിച്ചു. നിയമസഭാ പിരിച്ചുവിടുന്നതിലേയ്ക്ക് സ്ഥിതി നീങ്ങുന്നുവെന്ന് പാര്‍ട്ടി എംപി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തെങ്കിലും മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. അധികാരം പോയാലും പോരാടുമെന്ന് ശിവസേന അറിയിച്ചു. ഇതിനിടെ വിമതര്‍ക്കൊപ്പം പോയ രണ്ട് എംഎൽഎമാര്‍ തിരികെ ശിവസേനയ്ക്കൊപ്പമെത്തി. പിന്നാലെയാണ് സമ്മർദ്ദതന്ത്രവുമായി ഉദ്ധവ് താക്കറെ തന്നെ രംഗത്തെത്തിയത്.

ഒരാൾ അവിശ്വാസം നേരിട്ട് അറിയിച്ചാല്‍ ഉടന്‍ രാജിയെന്ന് ഉദ്ദവ് താക്കറെ

തന്നോട് മുഖ്യമന്ത്രിയാകാൻ ആവശ്യപ്പെട്ടത് ശരദ് പവാറാണ്. മുഖ്യമന്ത്രി എന്ന രീതിയിൽ മികച്ച രീതിയിൽ ഉത്തരവാദിത്തം നിറവേറ്റി. പവാറും കമൽനാഥും തന്നിൽ വിശ്വാസം അറിയിച്ചിട്ടുണ്ട്. സ്വന്തം എംഎൽഎമാർക്ക് വിശ്വാസം ഇല്ലായിരുന്നെങ്കിൽ താന്‍ മാറാമായിരുന്നു. സൂറത്തിൽ പോയി നാടകം വേണ്ടായിരുന്നുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഒരാൾ അവിശ്വാസം നേരിട്ട് അറിയിച്ചിരുന്നെങ്കിൽ സ്ഥാനമൊഴിയും. മുഖ്യമന്ത്രി സ്ഥാനം തന്നെ ഒട്ടും മോഹിപ്പിക്കുന്നില്ലെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ, വിയോജിപ്പ് തന്നോട് നേരിട്ട് പറഞ്ഞാൽ രാജി എഴുതി കയ്യിൽ നൽകുമെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം വെല്ലുവിളികളിൽ പതറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജി കത്ത് വരെ തയ്യാറാണ്. ഷിൻഡേ നേരിട്ട് ആവശ്യപ്പെട്ടാൽ രാജി നൽകാന്‍ താന്‍ ഒരുക്കമാണെന്നും സർക്കാർ താഴെ വീണാലും നേരിടാൻ തയ്യാറെന്നും ഉദ്ധവ് പറഞ്ഞു. പ്രതിപക്ഷത്തെ ആവശ്യത്തിന് വഴങ്ങി രാജിവെക്കാൻ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

ദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
പ്രതിനായക സ്ഥാനത്ത് ഇവിടെ സാക്ഷാൽ വിജയ്! തമിഴക വെട്രി കഴകത്തെ വിറപ്പിച്ച ഇഷ, 'ലേഡി സിങ്കം' എന്ന് വിളിച്ച് സോഷ്യൽ മീഡിയ