മുഗളന്മാര്‍ക്ക്‌ മുമ്പ്‌ 'ഹിന്ദു' ഉണ്ടായിരുന്നില്ല; 'ഹിന്ദു'ക്കള്‍ ജ്ഞാനസ്‌നാനപ്പെട്ടവരാണെന്നും കമല്‍ഹാസന്‍

By Web TeamFirst Published May 18, 2019, 2:39 PM IST
Highlights

ബ്രിട്ടീഷുകാര്‍ 'ഹിന്ദു' എന്ന ഈ കണ്ടുപിടുത്തത്തെ പ്രോത്സാഹിപ്പിച്ചു. വിശ്വാസവും പേരുമൊക്കെയായി വിദേശികള്‍ തന്നതിനെ കൊണ്ടുനടക്കുന്നത്‌ വിവരക്കേടാണെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

ചെന്നൈ: ഹിന്ദു തീവ്രവാദി പരാമര്‍ശം വിവാദമായതിന്‌ തൊട്ടുപിന്നാലെ ഹിന്ദു എന്ന വാക്ക്‌ വിദേശികളുടെ സംഭാവനയാണെന്ന്‌ അവകാശപ്പെട്ട്‌ നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. മുഗള്‍ കാലത്തിന്‌ മുമ്പ്‌ ഹിന്ദു എന്ന വാക്ക്‌ ഇന്ത്യയിലുണ്ടായിരുന്നില്ലെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

അഞ്ച്‌ മുതല്‍ പത്ത്‌ വരെ നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്ന ഭക്തിപ്രസ്ഥാന കവികളായ ആള്‍വാറുകളുടെയോ ശൈവനായന്മാരുടെയോ കൃതികളില്‍ ഒരിടത്തും ഹിന്ദു എന്ന പരാമര്‍ശമില്ലെന്ന്‌ കമല്‍ഹാസന്‍ ട്വീറ്റ്‌ ചെയ്‌തു.'12 ആള്‍വാറുകളോ ശൈവനായന്മാരോ ഹിന്ദു എന്ന്‌ പരാമര്‍ശിച്ചിട്ടില്ല. മുഗളന്മാരോ അവരെ ഇരകളാക്കിയ വിദേശഭരണകര്‍ത്താക്കളോ നമ്മളെ ഹിന്ദുക്കളായി ജ്ഞാനസ്‌നാനപ്പെടുത്തിയതാണ്‌' എന്നായിരുന്നു ട്വീറ്റ്‌.

ബ്രിട്ടീഷുകാര്‍ 'ഹിന്ദു' എന്ന ഈ കണ്ടുപിടുത്തത്തെ പ്രോത്സാഹിപ്പിച്ചു. വിശ്വാസവും പേരുമൊക്കെയായി വിദേശികള്‍ തന്നതിനെ കൊണ്ടുനടക്കുന്നത്‌ വിവരക്കേടാണെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നു എന്ന കമല്‍ഹാസന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. തന്നെ വിമര്‍ശിച്ചവരോട്‌ ഗോഡ്‌സെയെക്കുറിച്ചുള്ള ആ പരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പ്രതികരിച്ചിരുന്നു. എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ടെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

click me!