സെന്‍റ് സ്റ്റീഫൻസിലെ വിദ്യാർത്ഥി പ്രവേശനം: അഭിമുഖ പാനലിൽ മാനേജ്മെന്‍റ് പ്രതിനിധി; പ്രതിഷേധം ശക്തം

By Web TeamFirst Published May 18, 2019, 2:14 PM IST
Highlights

ന്യൂനപക്ഷ പദവിയുള്ള കലാലയത്തിൽ പ്രവേശന അഭിമുഖം നടത്തേണ്ടത് പ്രിൻസിപ്പൽ ഉൾപ്പടെ 4 അധ്യാപകർ ചേർന്നാണ്. കൗൺസിലിലെ ഒരംഗത്തെ കൂടി അഭിമുഖ പാനലിൽ ഉൾപ്പെടുത്താനുള്ള മാനേജ്മെന്‍റ് നീക്കത്തിനെതിരെയാണ് പ്രതിഷേധം

ദില്ലി: സെന്‍റ് സ്റ്റീഫൻസിലെ വിദ്യാർത്ഥി പ്രവേശനത്തിനുള്ള അഭിമുഖ പാനലിൽ മാനേജ്മെൻറ് പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭരണകാര്യങ്ങളിൽ മാനേജ്മെന്‍റ് ഇടപെടരുതെന്ന് നിർദ്ദേശിക്കുന്ന കോളേജ് ഭരണഘടന സംരക്ഷിക്കാൻ സമരത്തിനൊരുങ്ങുകയാണ് അധ്യാപകരും വിദ്യാർത്ഥികളും.

1992ലെ സുപ്രീം കോടതി വിധിപ്രകാരം ന്യൂനപക്ഷ പദവിയുള്ള കലാലയത്തിൽ പ്രവേശന അഭിമുഖം നടത്തേണ്ടത് പ്രിൻസിപ്പൽ ഉൾപ്പടെ നാല് അധ്യാപകർ ചേർന്നാണ്. ദില്ലി സെൻറ് സ്റ്റീഫൻസ് കോളേജിന്‍റെ മാനേജ്മെൻറ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ പ്രതിനിധികൾ മാത്രമുള്ള സുപ്രീം കൗൺസിലിനാണ്. കൗൺസിലിലെ ഒരംഗത്തെ കൂടി അഭിമുഖ പാനലിൽ ഉൾപ്പെടുത്താനുള്ള മാനേജ്മെന്‍റ് നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

ധാർമ്മിക വിഷയങ്ങളിൽ ഉപദേശം നൽകാനേ കോളേജ് ഭരണഘടന പ്രകാരം സുപ്രീം കൗൺസിലിന് അധികാരമുള്ളൂ എന്ന് വിദ്യാർത്ഥികളും ചൂണ്ടിക്കാണിക്കുന്നു. സുപ്രീം കൗൺസിൽ പ്രതിനിധിയെ ഉൾപ്പെടുത്തുന്നതിനെ എതിർത്ത് പ്രസ്താവന ഇറക്കിയ അധ്യാപകർക്ക് മാനേജ്മെൻറ് മുന്നറിയിപ്പ് നല്കി. ഇത് ആവർത്തിച്ചാൽ നടപടി എടുക്കുമെന്ന് വ്യക്തമാക്കിയാണ് കത്ത് നല്കിയത്.

പ്രവേശന നടപടികൾ ആരംഭിക്കാറായിട്ടും നിയമാവലിയിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അത് വ്യക്തമാക്കാൻ മാനേജ്മെന്‍റ് ഇതുവരെ തയ്യാറായിട്ടില്ല. തീരുമാനങ്ങൾ കലാലയത്തിന്‍റെ മേന്മയെ തന്നെ ബാധിക്കുമോയെന്ന ആശങ്ക പങ്കുവയ്ക്കുകയാണ് അധ്യാപകരും വിദ്യാർത്ഥികളും.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

click me!