വിശ്വാസവോട്ടിന് കമല്‍നാഥ് ഇല്ല; രാജി വയ്ക്കാന്‍ തീരുമാനം

By Web TeamFirst Published Mar 20, 2020, 12:00 AM IST
Highlights

ആറ് മന്ത്രിമാരടക്കം 22 എംഎല്‍മാര്‍ കൂറുമാറിയ പശ്ചാത്തലത്തില്‍ 206 അംഗസഭയില്‍ കേവല ഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണ വേണം. 107 സീറ്റുള്ള ബിജെപിയുടെ നില ഭദ്രമാണ്

ഭോപ്പാല്‍: നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിക്കൊരുങ്ങുന്നു. വിശ്വാസവോട്ടിന് നില്‍ക്കാതെ നാളെ ഉച്ചയ്ക്ക് രാജി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വിശ്വാസവോട്ടെടുപ്പ്
നടത്തണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 16 വിമത എംഎല്‍എമാര്‍ വോട്ടെടുപ്പിനെത്തിയാല്‍ സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

കൊവിഡിന്‍റെ പേരില്‍ നിയമസഭ സമ്മേളനം നീട്ടിവച്ച് വിശ്വാസവോട്ടെടുപ്പില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാനുള്ള കമല്‍നാഥ് സര്‍ക്കാരിന്‍റെ നീക്കമാണ് കോടതി തടഞ്ഞത്. വിശ്വാസ വോട്ടെടുപ്പ് സുതാര്യമാക്കാന്‍ രഹസ്യ ബാലറ്റ് ഒഴിവാക്കണം,  അംഗങ്ങള്‍ കൈപൊക്കി വോട്ട് രേഖപ്പെടുത്തണം, നടപടികള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കണം എന്നീ നിര്‍ദ്ദേശങ്ങളും കോടതി നല്‍കിയിട്ടുണ്ട്.

വിശ്വാസവോട്ടെടുപ്പില്‍  തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന കോണ്‍ഗ്രസ്  വാദം തള്ളിയാണ് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടത്. ആറ് മന്ത്രിമാരടക്കം 22 എംഎല്‍മാര്‍ കൂറുമാറിയ പശ്ചാത്തലത്തില്‍ 206 അംഗസഭയില്‍ കേവല ഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണ വേണം. 107 സീറ്റുള്ള ബിജെപിയുടെ നില ഭദ്രമാണ്. സ്വതന്ത്രരുടെയും ബിഎസ്പി, എസ്പി അംഗങ്ങളുടെയും പിന്തുണയുണ്ടെങ്കില്‍  പോലും കോണ്‍ഗ്രസിന്‍റെ  അംഗസംഖ്യ നിലവിലെ അവസ്ഥയില്‍ 99 ആകുന്നുള്ളൂ.

click me!