കമലേഷ് തിവാരിയെ കുത്തിയത് 15 തവണ, മുഖത്ത് വെടിയേറ്റതായും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

By Web TeamFirst Published Oct 23, 2019, 5:07 PM IST
Highlights

കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതികള്‍ പിടിയിലായിരുന്നു. 

ലഖ്നൗ: കൊല്ലപ്പെട്ട ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ 15 തവണ കുത്തിയതിന്‍റെ മുറിവുകളുണ്ട്. മുഖത്ത് വെടിവെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിന്‍റെ മുകള്‍ ഭാഗത്താണ് 15 തവണയും കുത്തേറ്റത്.

കീഴ്ത്താടിക്കും നെഞ്ചിനും ഇടയിലാണ് കുത്തേറ്റത്. എല്ലാ മുറിവുകള്‍ക്കും 10 സെന്‍റീമീറ്ററോളം ആഴമുണ്ട്. കഴുത്തിലും ആഴത്തിലുള്ള മുറിപ്പാടുകളുണ്ട്. കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്‍റെ ഭാഗമായാണിതെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. തലയോട്ടിക്ക് പിറകില്‍ നിന്നാണ് വെടിയുണ്ട കണ്ടെടുത്തത്. എന്നാല്‍ ഇത് മുഖത്തിന്‍റെ ഇടത് വശത്തു നിന്നുമുണ്ടായ ആക്രമണമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖുർഷിദാബാദിലെ വസതിക്ക് സമീപത്ത് വച്ച് കമലേഷ് തിവാരി വെടിയേറ്റ് മരിച്ചത്. കാവി വസ്ത്രധാരികളായി എത്തിയവര്‍ തിവാരിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ദീപാവലി സമ്മാനം നല്‍കാനെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ഓഫീസിനുള്ളില്‍ കടന്നത്. ഓഫീസിനുള്ളില്‍ കടന്നയുടന്‍ തിവാരിയുടെ കഴുത്തില്‍ മുറുവുണ്ടാക്കി.

തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടും മുന്‍പ് നിരവധി തവണ കഴുത്തില്‍ ആഞ്ഞുകുത്തി. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ തിവാരിയുടെ മരണം സംഭവിച്ചിരുന്നു. കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതികള്‍ പിടിയിലായിരുന്നു. അഷ്ഫാഖ്, മൊയ്‍നുദീന്‍ പതാന്‍ എന്നിവരാണ് പിടിയിലായത്. രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നാണ് രണ്ടുപേരെയും തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. 

click me!