'നാളെ നിങ്ങളുടെ അഹങ്കാരം തകരും', ഉദ്ധവ് താക്കറെയ്ക്കെതിരെ വിമര്‍ശനവുമായി കങ്കണ

By Web TeamFirst Published Sep 9, 2020, 6:20 PM IST
Highlights

പ്രതിഷേധങ്ങള്‍ക്കിടെ മുംബൈയിൽ പറന്നിറങ്ങി നടി കങ്കണ റണൗത്ത്. ഉദ്ദവിന്‍റെ അഹങ്കാരം നാളെ തകരുമെന്ന് കങ്കണ വെല്ലുവിളിച്ചു. 

മുംബൈ: മുംബൈ നഗരത്തെ പാക് അധീന കശ്മീരിനോട് ഉപമിച്ചതിന്‍റെ പേരിൽ പ്രതിഷേധങ്ങൾ നേരിടുന്ന കങ്കണ റണൗത്ത് മുംബൈയിൽ തിരിച്ചെത്തി. വിമാനത്താവളത്തിലെത്തിയ പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ചാണ് സുരക്ഷാ കമാൻഡോകൾ കങ്കണയെ വീട്ടിലെത്തിച്ചത്. മുംബൈയിലെ തന്‍റെ ഓഫീസ് പൊളിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ കങ്കണ വെല്ലുവിളിച്ചു. ഇന്ന് എന്‍റെ വീട് തകര്‍ത്തു, നിങ്ങളുടെ അഹങ്കാരം നാളെ തകരുമെന്നാണ് കങ്കണയുടെ വെല്ലുവിളി. തനിക്കെതിരെ നടക്കുന്നത് ഭീകരപ്രവര്‍ത്തനമെന്നും നടി പ്രതികരിച്ചു. 

കങ്കണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരും അണിനിരന്നതോടെ വിമാനത്താവള പരിസരം പോർമുഖമായി. മൊഹാലിയിൽ നിന്ന് മൂന്ന് മണിയോടെ മുംബൈയിൽ പറന്നിറങ്ങിയ കങ്കണയെ പ്രധാന ഗേറ്റ് ഒഴിവാക്കി സുരക്ഷാ കമാൻഡോകൾ പുറത്തെത്തിച്ചു. പാലി ഹില്ലിൽ രാവിലെ മുംബൈ കോർപ്പറേഷൻ പൊളിച്ച ഓഫീസ് കെട്ടിടത്തിലേക്കാണ് നടി നേരെ പോയത്. അവിടുത്തെ ദൃശ്യങ്ങൾക്കൊപ്പം ഉദ്ദവ് താക്കറെയ വെല്ലുവിളിച്ച് വീഡിയോ സന്ദേശവും കങ്കണ ട്വീറ്റ് ചെയ്തു.

അനുവദിച്ച പ്ലാനിന് അപ്പുറം നിർമ്മാണങ്ങൾ നടത്തിയെന്ന് കാണിച്ചാണ് മുംബൈ കോർപ്പറേഷൻ കങ്കണയുടെ മണികർണിക ഫിലിംസിന്‍റെ ഓഫീസ് കെട്ടിടത്തിന്‍റെ ഭാഗങ്ങൾ രാവിലെ പൊളിച്ചത്. 24 മണിക്കൂർ സാവകാശം നൽകിയിട്ടും അനുമതി രേഖകൾ കങ്കണ ഹാജരായില്ലെന്ന് കോർപ്പറേഷൻ വിശദീകരിക്കുന്നു. പൊളിക്കൽ നടപടികൾക്കെതിരെ കങ്കണ ബോംബെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയെങ്കിലും അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയ ഭൂരിഭാഗവും അപ്പോഴേക്കും പൊളിച്ചിരുന്നു. ഹർജിയിൽ മുംബൈ പൊലീസിനോട് കോടതി മറുപടി തേടി. ഹർജി നാളെ വീണ്ടും പരിഗണിക്കും. അതേസമയം മുംബൈ കോർപ്പറേഷന്‍റെ നടപടി കങ്കണയ്ക്ക് അനാവശ്യ പ്രശസ്തി നൽകിയെന്ന വിമർശനവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ രംഗത്തെത്തി.

click me!