
ദില്ലി: എംപിയും നടിയുമായ കങ്കണ റണാവത്തും കോക്രോച്ച് ജനതാ പാർട്ടി വക്താവ് സൗരവ് ദാസും തമ്മിലുള്ള പരസ്യ വാക്പോര് തുടരുകയാണ്. 'ഒന്നിനും കൊള്ളാത്തവൻ' എന്നും 'തൊഴിലില്ലാത്തവൻ' എന്നും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ കങ്കണ അധിക്ഷേപിച്ചതിന് പിന്നാലെ സൗരവ് ദാസ് വീണ്ടും മറുപടിയുമായി രംഗത്തെത്തി. തനിക്ക് കങ്കണയോട് വ്യക്തിപരമായി യാതൊരുവിധ വിദ്വേഷവുമില്ലെന്ന് ബർഖ ദത്തിന് നൽകിയ അഭിമുഖത്തിൽ സൗരവ് ദാസ് വ്യക്തമാക്കി. എന്നാൽ ചർച്ചകൾ എപ്പോഴും മാന്യതയോടെയും അന്തസ്സോടെയും ആയിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പരസ്പരം വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നതിന് പകരം ആശയവിനിമയമാണ് രാജ്യത്തിന് ആവശ്യമെന്നും സൗരവ് ദാസ് കൂട്ടിച്ചേർത്തു.
തന്നെ കങ്കണ എന്തിനാണ് ലക്ഷ്യം വെക്കുന്നതെന്ന് സുഹൃത്തുക്കളും അത്ഭുതത്തോടെ ചോദിച്ചെന്ന് സൗരവ് ദാസ് പറഞ്ഞു. ഹൃത്വിക് റോഷന്‍റെ ചെറുപ്പ കാലത്തെ മുഖസാദൃശ്യമുള്ളതു കൊണ്ടാകാം കങ്കണ തന്നെ നിരന്തരം ലക്ഷ്യമിടുന്നത് എന്ന് സുഹൃത്തുക്കൾ തമാശയായി പറഞ്ഞെന്ന സൗരവ് ദാസിന്‍റെ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. സൗരവിന്റെ ഈ പരാമർശം കങ്കണയും ഹൃത്വിക് റോഷനും തമ്മിൽ നേരത്തെയുണ്ടായിരുന്ന വിവാദങ്ങളെ ഓർമ്മിപ്പിച്ചു. കങ്കണ ഹൃത്വിക്കിനെ കുറിച്ച് നടത്തിയ പരാമർശങ്ങളും തുടർന്നുണ്ടായ നിയമ പോരാട്ടങ്ങളും ബോളിവുഡിലെ വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു.
രാജ്യത്തെ ജെൻസി പ്രതിഷേധക്കാരെക്കുറിച്ച് കങ്കണ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെ സൗരവ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. യുവജനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ വാക്കുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കങ്കണയുടെ പ്രസ്താവനകളിൽ നിരാശയും മാനസിക അസ്വസ്ഥതയുമാണ് പ്രകടമാകുന്നതെന്ന് സൗരവ് കുറ്റപ്പെടുത്തി. കങ്കണ ക്ഷണിക്കുകയാണെങ്കിൽ അവരോടൊപ്പം കോഫി കുടിക്കാൻ പോകാൻ തയ്യാറാണോ എന്ന ചോദ്യത്തിന്, തനിക്ക് ബിജെപി നേതാക്കളോട് വിദ്വേഷം ഇല്ലെന്നായിരുന്നു സൗരവിന്റെ മറുപടി. അധിക്ഷേപത്തേക്കാൾ നല്ലത് സംവാദങ്ങളാണെന്നും തങ്ങൾ എപ്പോഴും ആശയ സംവാദങ്ങളിൽ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam