
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽനിന്ന് നോട്ട് കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ പണത്തിൻ്റെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടരുന്നു. ബിർഭൂം സ്വദേശിയായ മിനാർ മൊണ്ഡലിൻ്റെ വീട്ടിൽ നിന്നാണ് 28 കോടിയോളം രൂപയും 21 കോടി രൂപ വിലവരുന്ന 15 കിലോയോളം സ്വർണവും കണ്ടെത്തിയത്. വൻ തുക കണ്ടെത്തിയ സംഭവത്തിൽ മിനാർ മൊണ്ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടുകൾ എണ്ണിത്തിടപ്പെടുത്തുന്നതിനിടെ അഞ്ച് മെഷീനുകൾ കേടായി.
മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിൻ്റെ അനുയായിയും കരിങ്കല്ല് വ്യാപാരിയുമായ ടുളു മൊണ്ഡലിൻ്റെ ബന്ധുവുമാണ് അറസ്റ്റിലായ മിനാർ മൊണ്ഡൽ. പണവും സ്വർണവും ടുളു മൊണ്ഡലിൻ്റെയും അദ്ദേഹത്തിൻ്റെ അനധികൃത സിൻഡിക്കേറ്റിൻ്റെയുമാണെന്ന് മിനാർ മൊണ്ഡൽ പൊലീസിനോട് സമ്മതിച്ചു. ഇയാൾക്ക് ടുളു മൊണ്ഡലിൻ്റെ കരിങ്കല്ല് ക്വാറികളുമായും ക്രഷിങ് യൂണിറ്റുകളുമായും ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം റെയ്ഡ് നടത്താനുള്ള യഥാർത്ഥ കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കണ്ടെത്തിയ പണം എന്തിന് വേണ്ടി എത്തിച്ചതാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച രാത്രിയിൽ 5.5 കോടി രൂപ വരെ പൊലീസ് എണ്ണിത്തിടപ്പെടുത്തി. എണ്ണൽ രാവിലെ ആയപ്പോഴേക്കും 28 കോടി രൂപ വരെ ആയി. പണത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. അഴിമതിക്കെതിരായ നടപടികൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് തുടരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
അറസ്റ്റിലായ മിനാർ മൊണ്ഡൽ ഗതാഗത വകുപ്പിലെ മുൻ ജീവനക്കാരനാണ്. അതേസമയം സംഭവം സംസ്ഥാനത്തെ ഇരു തൃണമൂൽ കോൺഗ്രസുകളും ആയുധമാക്കുന്നുണ്ട്. കുറ്റാരോപിതന് അനുബ്രത മൊണ്ഡലുമായുള്ള ബന്ധമാണ് ഇരുപക്ഷവും ആയുധമാക്കുന്നത്. കഴിഞ്ഞ മാസമാണ് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി നേതൃത്വം നൽകുന്ന വിമത ക്യാമ്പിലേക്ക് അനുബ്രത മൊണ്ഡൽ ചേർന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam