
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസിനെയും മുൻ ഡി എം കെ സർക്കാരിനെയും വിമർശിച്ച തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിന് രൂക്ഷ മറുപടിയുമായി ഡി എം കെ നേതാവ് കനിമൊഴി. ദുരന്തം ഒരു വൈകാരിക വിഷയമാണെന്നും അതിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും കനിമൊഴി ഓർമ്മിപ്പിച്ചു. കരൂർ ദുരന്തസമയത്ത് ജനങ്ങൾക്കൊപ്പം നിന്നത് ആരാണെന്നും ഓടിപ്പോയത് ആരാണെന്നും ജനങ്ങൾക്ക് നന്നായി അറിയാമെന്നും കനിമൊഴി തിരിച്ചടിച്ചു. അപകടത്തിന് ശേഷം ആദ്യമായി ഇന്ന് കരൂരിലെത്തിയ വിജയ്, ദുരന്തം രാഷ്ട്രീയ ചതിയാണെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് ഡി എം കെ രംഗത്തെത്തിയത്.
സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ, പൊലീസിനെയും ഡി എം കെ സർക്കാരിനെയും രൂക്ഷ വിമർശിച്ചാണ് മുഖ്യമന്ത്രി വിജയ് ഇന്ന് രംഗത്തെത്തിയത്. ആൾക്കൂട്ട ദുരന്തത്തിന്റെ 285 -ാം നാൾ കറുപ്പ് അണിഞ്ഞാണ് വിജയ് കരൂരിലെത്തിയത്. ദുരന്തം രാഷ്ട്രീയ ചതി ആണെന്നും ആൾക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും വിജയ് പറഞ്ഞു. പെരമ്പലൂരിലെ തന്റെ പൊതുയോഗം അവസാനനിമിഷം തടഞ്ഞ പൊലീസ്, കരൂരിൽ മുന്നറിയിപ്പ് നൽകാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും ഉയർത്തി. പൊലീസ് അനുമതിക്ക് പിന്നിലെ നാടകവും ചതിയും മനസിലായില്ലെന്നും വിജയ് വിവരിച്ചു. പൊലീസിന് വേണമെങ്കിൽ യോഗം റദ്ദാക്കാമായിരുന്നു. ഞാൻ പൊലീസിനെ വിശ്വസിച്ചു, നാടകം അറിഞ്ഞില്ല. കരൂരിൽ ജീവൻ നഷ്ടമായവരുടെ ഓർമ നിലനിർത്താനും, രാഷ്ട്രീയ ഗൂഢാലോചന മറക്കാതിരിക്കാനുമായി സ്മാരകം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളായ 32 പേരെ സർക്കാർ സർവീസിൽ നിയമിച്ചു കൊണ്ടുള്ള ഉത്തരവും വിജയ് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam