കോടതി നടപടികൾക്കിടയിലാണ് ഓഫീസിലെ യോഗങ്ങൾക്ക് ശേഷം ബാക്കിവന്ന, സാധാരണയായി വേസ്ററ് ബിന്നിലേക്ക് എറിഞ്ഞു കളയുന്ന കുറച്ച് ചായപ്പൊടിയും ബിസ്‌ക്കറ്റുമാണ് അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചത്.

റാഞ്ചി:17 വർഷമായി ജോലി ചെയ്തിരുന്ന ഓഫീസിൽ നിന്ന് മീറ്റിംഗിന് ശേഷം ബാക്കി വന്ന ചായപ്പൊടിയും ബിസ്കറ്റും വീട്ടിൽ വിശന്നിരിക്കുന്ന കുട്ടികൾക്കായി കൊണ്ടുപോയി. പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് ജോലി നഷ്ടമായ പ്യൂണിന് നാല് വർഷത്തിന് ശേഷം നീതി. ജാർഖണ്ഡിലാണ് സംഭവം. 2022ലാണ് ഹിമാൻഷുവിനെതിരെ മോഷണക്കുറ്റം ആരോപിക്കപ്പെട്ടത്. ഓഫീസ് അറ്റന്റായി ജോലി ചെയ്തിരുന്ന ഹിമാൻഷു മീറ്റിംഗിന് ശേഷം ആളുകൾ കഴിക്കാതെ ഉപേക്ഷിച്ച കുറച്ച് ബിസ്കറ്റും ചായപ്പൊടിയും വീട്ടിലേക്ക് കൊണ്ടുപോയതിനായിരുന്നു ജോലി നഷ്ടമായത്. കോടിക്കണക്കിന് രൂപ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർ സുരക്ഷിതരായിരിക്കുമ്പോൾ പാവപ്പെട്ട ഒരു ജീവനക്കാരനോട് അധികൃതർ കാണിച്ച ക്രൂരതയ്‌ക്കെതിരെ അതൃപ്തി വ്യക്തമാക്കിയാണ് ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. ഓഫീസിൽ നിന്ന് സ്വന്തം ആവശ്യത്തിനായി "ചില സാധനങ്ങൾ" എടുത്തുകൊണ്ടുപോയി എന്ന് ആരോപിച്ച് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസും പിന്നാലെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏത് സാധനമാണ് എടുത്തതെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും കള്ളത്തരക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. പിന്നാലെ നീതിതേടി ഹിമാൻഷു കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നടപടികൾക്കിടയിലാണ് ഓഫീസിലെ യോഗങ്ങൾക്ക് ശേഷം ബാക്കിവന്ന, സാധാരണയായി വേസ്ററ് ബിന്നിലേക്ക് എറിഞ്ഞു കളയുന്ന കുറച്ച് ചായപ്പൊടിയും ബിസ്‌ക്കറ്റുമാണ് അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചത്. ഇതുകേട്ട കോടതി കേവലം ചായപ്പൊടിയും ബിസ്‌ക്കറ്റും എടുത്തതിന് ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി അങ്ങേയറ്റം ആഘാതമുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എം.എസ്. സോനക്, ജസ്റ്റിസ് രാജേഷ് ശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കഴിഞ്ഞ നാല് വർഷമായി ജോലിയില്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയും മാനസിക വിഷമവും അനുഭവിച്ച ഹിമാൻഷുവിനെ ഉടനടി ജോലിയിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കൂടാതെ ഇത്രയും കാലത്തെ അദ്ദേഹത്തിന്റെ കുടിശ്ശിക ശമ്പളത്തിന്റെ 50 ശതമാനം ജൂലൈ 31-നകം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ശമ്പളത്തിന്റെ പകുതി തുക കണ്ടുകെട്ടുന്നത് തന്നെ അദ്ദേഹം ചെയ്ത ചെറിയ വീഴ്ചയ്ക്ക് മതിയായ ശിക്ഷയാണെന്നും കോടതി കൂട്ടിച്ചേർത്തു. ഹിമാൻഷുവിനെതിരെ ഇതിന് മുൻപ് യാതൊരുവിധ അച്ചടക്ക ലംഘന ആരോപണങ്ങളും ഉണ്ടായിരുന്നില്ലെന്നും, മുൻപ് ഉയർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തിന് നൽകിയ പ്രശംസാപത്രങ്ങൾ പോലും പിരിച്ചുവിടൽ നടപടിയുടെ സമയത്ത് അധികൃതർ അവഗണിച്ചതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം