
ചെന്നൈ: ഡിഎംകെ എംപി കനിമൊഴിയെ ബസില്‍ കയറ്റിയതിന് വനിതാ ഡ്രൈവറുടെ ജോലി തെറിച്ചു. കോയമ്പത്തൂരില്‍ സ്വകാര്യ ബസ് ജീവനക്കാരിയായ ഷർമ്മിളയുടെ ജോലി ആണ് നഷ്ടമായത്. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയിൽ പ്രശസ്തയായ 24കാരി ഷർമ്മിളയെ നേരിട്ട് അഭിനന്ദിക്കാനാണ് കനിമൊഴി എംപി എത്തിയത്. കുശലം ചോദിച്ച് അൽപ്പസമയം യാത്ര ചെയ്തു. എന്നാൽ യാത്ര വിവാദമാവുകയായിരുന്നു.
'ആദ്യം തമിഴരെ അംഗീകരിക്കൂ, എന്നിട്ട് മതി തമിഴനെ പ്രധാനമന്ത്രിയാക്കൽ'; അമിത് ഷാക്കെതിരെ കനിമൊഴി
യാത്രക്കിടെ വനിതാ കണ്ടക്ടർ എംപിയോട് ടിക്കറ്റ് ചോദിച്ചത് കല്ലുകടിയായെങ്കിലും ഷർമ്മിളയ്ക്ക് സമ്മാനങ്ങൾ നൽകി സന്തോഷത്തോടെ കനിമൊഴി മടങ്ങുകയായിരുന്നു. എന്നാൽ കണ്ടക്ടർക്കെതിരെ പരാതി പറയാൻ ഉടമയുടെ അടുത്ത് ഷർമ്മിള എത്തിയപ്പോൾ ബസ് ഡ്രൈവറെ ഉടമ ശകാരിക്കുകയായിരുന്നു. സ്വന്തം പ്രശസ്തിക്ക് വേണ്ടി ഡ്രൈവർ ഓരോന്ന് ചെയ്യുന്നെന്നും ബസ് ഉടമയെ വിവരം അറിയിക്കുന്നില്ലെന്നുമായിരുന്നു ഉടമയുടെ പരാതി. ജോലിക്ക് വരണമെന്ന് നിർബന്ധമില്ലെന്നും ബസ് ഉടമ പറഞ്ഞു. സംഭവം വിവാദമായതോടെ പ്രതികരണവുമായി ഉടമ രംഗത്തെത്തി.
ജോലിയിൽ നിന്ന് താൻ പറഞ്ഞുവിട്ടിട്ടില്ലെന്നും പണി മതിയാക്കിയത് ശർമ്മിളയെന്നുമാണ് ബസ് ഉടമയുടെ വാദം. സംഭവം അറിഞ്ഞ എംപി പ്രതികരണവുമായി രംഗത്തെത്തി. ശർമ്മിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി ക്രമീകരിക്കുമെന്നും കനിമൊഴി പറഞ്ഞു. കനിമൊഴിയും ഡ്രൈവറും തമ്മിലുള്ള ചിത്രങ്ങളും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam