പൗരത്വ നിയമ ഭേദഗതി: മോദിയെയും അമിത് ഷായെയും സംവാദത്തിന് വെല്ലുവിളിച്ച് കപില്‍ സിബല്‍

By Web TeamFirst Published Jan 22, 2020, 11:19 AM IST
Highlights

സിഎഎ വിഷയത്തില്‍ മോദിയും അമിത് ഷായും നുണകള്‍ പറയുകയാണെന്ന് പറഞ്ഞ കപില്‍ സിബല്‍ അവര്‍ ജനാധിപത്യത്തിന് ഭാരമാണെന്നും ആരോപിച്ചു

ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് മുന്‍ നിയമമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. സിഎഎ വിഷയത്തില്‍ മോദിയും അമിത് ഷായും നുണകള്‍ പറയുകയാണെന്ന് പറഞ്ഞ കപില്‍ സിബല്‍ അവര്‍ ജനാധിപത്യത്തിന് ഭാരമാണെന്നും ആരോപിച്ചു.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കപില്‍ സിബലിന്‍റെ വിമര്‍ശനം. മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കണമെന്ന് ഭരണഘടനയോ പൗരത്വ നിയമങ്ങളോ പറയുന്നില്ല. ഇങ്ങനെ ഒരു അവസ്ഥ ആദ്യമായാണ്. അതാണ് പ്രഥമ നുണയും. സിഎഎ വിഷയത്തില്‍ മറ്റ് എട്ട് നുണകള്‍ കൂടെ അവര്‍ പറയുന്നുണ്ട്.

എന്‍ആര്‍സിയെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാംലീല മൈതാനത്ത് ഡിസംബര്‍ 22ന് പറഞ്ഞത്. കഴിഞ്ഞ ജൂണ്‍ 20ന് സംയുക്ത പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തപ്പോള്‍ രാഷ്ട്രപതി നുഴഞ്ഞുകയറ്റക്കാരുടെ പ്രശ്നങ്ങളുള്ള സ്ഥലങ്ങളില്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് പറഞ്ഞിരുന്നതായും കപില്‍ സിബല്‍ ഓര്‍മിപ്പിച്ചു.

നേരത്തെ, പൗരത്വ നിയമഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാം. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി രാഹുലിന് മറുപടി തരുമെന്ന് അമിത് ഷാ കര്‍ണാടകത്തില്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ ദളിത്‌ വിരുദ്ധരാണ്. ജെഎൻയുവിൽ മുഴങ്ങിയത് രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ്. ഇന്ത്യയിൽ എവിടെയും ഈ മുദ്രാവാക്യങ്ങൾ ഉയരാൻ അനുവദിക്കില്ല. പാകിസ്ഥാനിൽ 30% ഉണ്ടായിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പോള്‍ 3% ആയി ചുരുങ്ങി. ന്യൂനപക്ഷങ്ങളെ പാകിസ്ഥാന്‍ കൊന്നൊടുക്കിയതായും അമിത് ഷാ പറ‌ഞ്ഞു.

click me!