
ദില്ലി : കാർഗിൽ വിജയ ദിവസത്തിൽ പാക്കിസ്ഥാന് ശക്തമായ താക്കീതുമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പാക്കിസ്ഥാന്റെ ഭീകരതയ്ക്കുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ രാജ്യം നൽകിയതെന്നും ഭീകരതയെ ഇരുമ്പ് മുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കരസേന മേധാവി പറഞ്ഞു. കാർഗിൽ വിജയ് ദിവസത്തിന്റെ ഭാഗമായി ദ്രാസിലെ യുദ്ധസ്മാരകത്തിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കരസേന മേധാവി.
കാര്‍ഗിൽ യുദ്ധ വിജയത്തിന് ഇന്ന് 26 വര്‍ഷം
കാര്‍ഗിൽ യുദ്ധ വിജയത്തിന് ഇന്ന് 26 വര്‍ഷം തികയുകയാണ്. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിലിലെ മഞ്ഞ് പുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്. 1999ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം കശ്മീർ തീവ്രവാദികളുടെയും മറ്റും സഹായത്തോടെ കാർഗിലിലെ ഉയർന്ന പോസ്റ്റുകൾ പിടിച്ചടക്കി.
16,000 മുതൽ 18,000 അടി വരെ ഉയരത്തിലുളള മലനിരകളിൽ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി ‘ഓപ്പറേഷൻ വിജയ്’എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടികൾ രണ്ടരമാസത്തോളം നീണ്ടു. പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. ജൂലൈ 26ന് ഇന്ത്യ കാർഗിലിൽ വിജയവും പ്രഖ്യാപിച്ചു. 1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
കാർഗിലിലെ ദ്രാസ് പട്ടണത്തിന് മുകളിലുള്ള ടൈഗർ ഹിൽസ് മുതൽ തോലോലിംങ്ങ് മലനിരകൾ പിടിച്ചെടുക്കാനുള്ള പാക് നീക്കമാണ് യുദ്ധത്തിൽ കലാശിച്ചത്. ഇന്ത്യൻ സൈനിക ശക്തിയുടെ കരുത്തുകൊണ്ടാണ് കാർഗിലെ മലനിരകൾ തിരിച്ചു പിടിച്ചത്. കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപത്തിയാറാം വാർഷികത്തിൽ ആധുനികതയുടെ പാതയിലാണ് ഇന്ത്യൻ കരസേന. ശത്രുവിന്റെ പാളയത്തിലെത്തി ആക്രമണം നടത്താനാകുന്ന ഡ്രോണുകൾ മുതൽ സുരക്ഷ നിരീക്ഷണത്തിനായുള്ള ഡ്രോണുകൾ വരെ കരസേന നിർമ്മിച്ചു കഴിഞ്ഞു.
വീഡിയോ കാണാം