
ദില്ലി: കരിപ്പൂര്‍ വിമാന ദുരത്തില്‍ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി നേതാക്കള്‍. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, മന്ത്രിമാര്‍ എന്നിവരാണ് അനുശോചനം രേഖപ്പെടുത്തിയത്. അപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് കേരള ഗവര്‍ണറുമായി ആശയവിനിമയം നടത്തിയെന്നും രാഷ്ട്രപതി അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ വേഗം സുഖപ്പെടട്ടെയെന്നും അപകടത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിതര്‍ക്ക് എല്ലാ സഹായവുമായി അധികൃതര്‍ രംഗത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനമറിയിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായുഡുവും രംഗത്തെത്തി. വിമാനാപകടത്തില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അനുശോചനമറിയിച്ചു. കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയും അനുശോചനമറിയിച്ചു. വിമാന അപകടം തന്നെ ഞെട്ടിച്ചെന്നും മരിച്ചവരുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖപ്പെടാനായി പ്രാര്‍ത്ഥിക്കുമെന്നും രാഹുല്‍ പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ എന്നിവരും അനുശോചനമറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam