
ബെംഗളൂരു: കർണാടകയിൽ മെയ് 10ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 13നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അടുത്തതോടെ കർണാടകയിൽ നിയമസഭാ തെരർ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്നുറപ്പുള്ള പ്രധാനപ്പെട്ട വ്യക്തികളുടെ പേരുകൾ ചർച്ചയാവുകയാണ്. നിലവിൽ കർണാടക മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ മത്സരരംഗത്തുണ്ടാവും.കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകനായ എച്ച്ഡി കുമാരസ്വാമിയാണ് മറ്റൊരു പ്രധാനപ്പെട്ട വ്യക്തി. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ പ്രധാനപ്പെട്ട റോളുകൾ വഹിച്ചിരുന്നു. എന്നാൽ 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മുന്നിൽ നിന്ന് നയിച്ചിരുന്നത് യെദ്യൂരപ്പയായിരുന്നു. ബിഎസ് യെദ്യൂരപ്പ ഇത്തവണ മത്സരരംഗത്തില്ല എന്നതാണ് പ്രത്യേകത.
2013-2018 കാലഘട്ടത്തിൽ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയും ഇത്തവണ മത്സര രംഗത്തുണ്ട്. വരുണ മണ്ഡലത്തില്‍ നിന്നാണ് സിദ്ധരാമയ്യ ജനവിധി തേടുന്നത്. ജെഡിഎസിലെ ചെറുപ്പക്കാരനായ നേതാവാണ് പ്രജ്വാൽ രേവണ്ണ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹസ്സൻ മണ്ഡലത്തിൽ നിന്നും പ്രജ്വാൽ വിജയിച്ചിരുന്നു. മുൻ മന്ത്രിയും ബിജെപി നേതാവുമായ സിടി രവിയും മത്സരിക്കും. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ ശക്തമായ പിന്തുണ സിടി രവിക്ക് ലഭിക്കാറുണ്ട്. ഭാരത് ജോഡോ യാത്രയുൾപ്പെടെ വിജയിപ്പിക്കുന്നതിൽ കർണാടകയിൽ പ്രധാനപ്പെട്ട നേതൃത്വം വഹിച്ച കോൺഗ്രസ് നേതാവാണ് ഡികെ ശിവകുമാർ. ശിവകുമാറിന്റെ തന്ത്രത്തിലായിരിക്കും കോൺഗ്രസിന്റെ കർണാടകയിലെ നീക്കങ്ങൾ മുന്നോട്ട് പോവുക. കനകപുരയില്‍ മത്സരിക്കുന്ന ഡികെ ശിവകുമാര്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുഖമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യവ്യാപകമായി വിമർശനങ്ങൾ ഉയരുകയാണ്. കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ മോദി പരാമർശമാണ് രാഹുലിന്റെ എംപി സ്ഥാനം തെറിക്കുന്നതിന് വരെ കാരണമായത്. ഇത് നേട്ടമാക്കി തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് കോൺഗ്രസിൻെറ നീക്കം. രാഹുലിന് രക്തസാക്ഷി പരിവേഷം നൽകി അവതരിപ്പിക്കുന്നതിലൂടെ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. എന്നാൽ ഇതിനെതിരെ ബിജെപിയും കച്ചമുറുക്കുന്നുണ്ട്. രാഹുൽ ഒബിസി വിഭാഗത്തെ അപമാനിച്ചുവെന്ന പ്രചാരണമാണ് ബിജെപി നടത്തുന്നത്. ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
തൈര് പാക്കറ്റുകളിൽ ഹിന്ദി വേണം; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ഹിന്ദി വിവാദം
അതേസമയം, കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്നാണ് എബിപി - സി വോട്ടർ പ്രവചനം. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് 115 മുതല്‍ 127 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വേ ഫലം. ബിജെപി 68 മുതല്‍ 80 സീറ്റകളിലേക്ക് ഒതുങ്ങും. മറ്റൊരു സുപ്രധാന പാര്‍ട്ടിയായ ജെഡിഎസ് 23 മുതല്‍ 35 സീറ്റുകളിലാണ് വിജയം നേടിയേക്കുക. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെയും ലഭിച്ചേക്കുമെന്ന് പ്രവചനമുണ്ട്. സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോണ്‍ഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവര്‍ ഏഴ് ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ ഫലം വ്യക്തംമാക്കുന്നു. മുഖ്യമന്ത്രിയായി 39 ശതമാനം പേരും സിദ്ധരാമയ്യയെയാണ് തെരഞ്ഞെടുത്തത്. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയാകുന്നതിനെ 31 ശതമാനം പേർ പിന്തുണച്ചപ്പോള്‍ ഡി കെ ശിവകുമാറിനെ മൂന്ന് ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്. അതേസമയം, തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ ഇനിയൊരു സഖ്യത്തിനില്ലെന്നുറപ്പിച്ച് പരസ്പരം മത്സരിക്കുകയാണ് കോൺഗ്രസും ജെഡിഎസും.