
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ വീണ്ടും ഹിന്ദി വിവാദം. നന്ദിനി തൈര് പാക്കറ്റിൽ ദഹി എന്ന് ഹിന്ദിയിൽ ഉപയോഗിക്കണമെന്ന നിർദ്ദേശമാണ് വിവാദമായിരിക്കുന്നത്. ഇത് ‘ഹിന്ദി അടിച്ചേൽപ്പിക്കലാണെന്നാണ് ഉയർന്നുവരുന്ന വിമർശനം. കർണാടക മിൽക്ക് ഫെഡറേഷനോട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിർദ്ദേശിച്ചതിനെ തുടർന്നാണ് കർണാടകയിൽ തൈര് പാക്കറ്റുകളിൽ ഹിന്ദിയിൽ ദഹി എന്നെഴുതാനുള്ള നീക്കം ഉണ്ടായത്.
ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള മറ്റൊരു ശ്രമമെന്ന നിലയിലാണ് ഇതിനെ കാണുന്നത്. പാക്കറ്റുകളിൽ ദഹി എന്ന് പ്രാധാന്യത്തോടെ പറയുകയും ബ്രാക്കറ്റിൽ “മൊസാരു” എന്ന കന്നഡ പദം കൂടി ഉപയോഗിക്കുന്നതിനാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കർണാടകയിൽ നിരവധി ചർച്ചകളാണ് നടക്കുന്നത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഹിന്ദിയുമായി ബന്ധപ്പെട്ടുള്ള കത്ത് ലഭിച്ചെന്ന് ബെംഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡ് പ്രസിഡന്റ് നരസിംഹമൂർത്തി പറഞ്ഞു. എന്നാൽ ഹിന്ദി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു അവലോകനം ആവശ്യപ്പെട്ട് തിരിച്ച് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി രംഗത്തെത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയും കർണാടക മിൽക്ക് ഫെഡറേഷനെതിരെയും കുമാരസ്വാമി ട്വിറ്ററിൽ വിമർശിച്ചു. ഗുജറാത്ത് ആസ്ഥാനമായുള്ള അമുലുമായി കമ്പനിയെ ലയിപ്പിക്കാനാണ് നീക്കമെന്ന് കുമാരസ്വാമി പറഞ്ഞു. യൂണിയൻ സംവിധാനത്തോട് യോജിക്കുക എന്നതിനർത്ഥം കടന്നുകയറ്റമല്ലെന്നും കുമാരസ്വാമി പറഞ്ഞു.
കർണാടക തെരഞ്ഞെടുപ്പ്: കളമൊരുക്കാൻ അമിത് ഷാ എത്തുന്നു
കർണാടകയിൽ മെയ് 10നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13ന് വോട്ടെണ്ണൽ നടക്കും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകയില്‍ 5, 21, 73 579 വോട്ടർമാർ വിധിയെഴുതും. പുതിയ വോട്ടർമാരെയും മറ്റ് പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെയും തെരഞ്ഞെടപ്പിന്‍റെ ഭാഗമാക്കാൻ പ്രത്യേക ശ്രമം നടത്തിയെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam