
ബംഗ്ലൂരു : കർണാടക തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൗത്താഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്തതാണെന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടിംഗ് മെഷീനുകൾ പരിശോധന നടത്താതെയാണ് ഉപയോഗിച്ചതെന്ന വാദവും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതിയെന്നും, രാജ്യത്ത് ഇറക്കുമതി ചെയ്ത ഇവിഎം ഉപയോഗിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. ഇത്തരം തെററായ വിവരങ്ങൾ നല്കുന്നവരെ പൊതുജന മധ്യത്തില് തുറന്നുകാട്ടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടിയിലുണ്ട്. രൺദീപ് സിംഗ് സുർജേവാല എംപിയായിരുന്നു പരാതിക്കാരൻ.
കന്നട മണ്ണ് ആര് ഭരിക്കും ? നാളെയെറിയാം
നാളെയാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ. വോട്ടെടുപ്പിന് ശേഷം പുറത്ത് വന്ന പത്ത് എക്സിറ്റ് പോൾ ഫലങ്ങളിൽ അഞ്ചും കർണാടകയിൽ തൂക്ക് നിയമസഭയാകുമെന്നാണ് പ്രവചിക്കുന്നത്. ഇതിൽ നാലെണ്ണം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഒരു എക്സിറ്റ് പോൾ സർവേ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു.
നാളെ രാവിലെ എട്ട് മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കും. ബെംഗളുരു നഗരമേഖല, മൈസുരു, മംഗളുരു, ഹുബ്ബള്ളി അങ്ങനെ നഗരമേഖലകളിലെ ഫലം പെട്ടെന്ന് വരും. പക്ഷേ, ബീദർ അടക്കമുള്ള ജില്ലകളിലെ ഫലം വരാൻ വൈകും. പ്രാഥമിക ഫലസൂചനകൾ എട്ടരയോടെത്തന്നെ അറിയാം. ഒമ്പതരയോടെ അടുത്ത അഞ്ച് വർഷം കർണാടക ആര് ഭരിക്കുമെന്നതിന്‍റെ ചിത്രം തെളിയും. തൂക്ക് നിയമസഭ വരികയാണെങ്കിൽ പിന്നെയും ഫലം മാറി മറിയാം. കോൺഗ്രസ് ക്യാമ്പിൽ ദേശീയ നേതാക്കളായ രൺദീപ് സുർജേവാല അടക്കം ബെംഗളുരുവിലെത്തി ക്യാമ്പ് ചെയ്യുകയാണ്. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ബെംഗളുരുവിൽ തുടരുന്നു. ഇന്ന് രാത്രി 9 മണിക്ക് 224 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ചേർത്ത് സൂം മീറ്റിംഗ് വിളിച്ചിട്ടുണ്ട്. സർക്കാർ ഉണ്ടാക്കാൻ ഭൂരിപക്ഷമുണ്ടാകുമെന്ന സൂചന കിട്ടിയാലുടൻ ബെംഗളുരുവിലെത്താൻ വിജയിക്കുന്ന എല്ലാ സ്ഥാനാർഥികൾക്കും യോഗത്തിൽ നിർദേശം നൽകും.
'കർണാടകയിൽ തൂക്ക് നിയമസഭ വരും, നിര്‍ണായകമാകുക ജെഡിഎസ്'; 50 സീറ്റ് വരെ കിട്ടുമെന്നും കുമാരസ്വാമി
ജയിച്ചാൽ ഒട്ടും വൈകാതെ സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ച് കത്ത് നൽകാനാണ് കോൺഗ്രസ് തീരുമാനം. ബിജെപി നേതൃത്വവും നല്ല ആത്മവിശ്വാസത്തിലാണ്. 120 സീറ്റുകൾ വരെ കിട്ടുമെന്ന് ഇന്നും പല നേതാക്കളും അവകാശവാദമുന്നയിക്കുന്നു. യെദിയൂരപ്പയും ബൊമ്മൈയും ബി എൽ സന്തോഷും അടക്കമുള്ള നേതാക്കൾ ബെംഗളുരുവിലുണ്ട്.