ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാനെന്ന് ബിജെപി എംഎല്‍എ

By Web TeamFirst Published Sep 4, 2021, 8:37 PM IST
Highlights

ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, ഇന്ധന വില സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതരാമനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി. 

ബെംഗലൂരു: രാജ്യത്തെ ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാനെന്ന് കര്‍ണാടകയിലെ ബിജെപി നേതാവും എംഎൽഎയുമായ അരവിന്ദ് ബെല്ലാദ്. കർണാടക ഹൂബ്ലി-ധർവാദ് വെസ്റ്റ് നിയോജക മണ്ഡലത്തിലെ എംഎല്‍എയായ അരവിന്ദ് ബെല്ലാദ്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇന്ധന വില വര്‍ദ്ധനവ് ബിജെപിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ബിജെപി എംഎല്‍എ.

“അഫ്ഗാനിസ്ഥാനിലെ താലിബാൻ പ്രതിസന്ധി കാരണം ക്രൂഡ് ഓയിൽ വിതരണത്തിൽ കുറവുണ്ടായിരുന്നു. അതിന്‍റെ ഫലമായി എൽപിജി, പെട്രോൾ, ഡീസൽ വില വർധിക്കുകയാണ്. വോട്ടർമാർ വിലക്കയറ്റത്തിന്‍റെ കാരണം മനസ്സിലാക്കാനുള്ള വിവേകം ഉള്ളവരാണ്.”- അരവിന്ദ് ബെല്ലാദ് പറഞ്ഞു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, ഇന്ധന വില സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതരാമനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി. അതേ സമയം കര്‍ണാടക നഗര വികസന മന്ത്രി ബൈരാവീ ബസവരാജു ഇന്ധന വില വര്‍ദ്ധനവ് ഗൌരവമായ വിഷയമാണെന്നും, സര്‍ക്കാര്‍ ഇത് കാര്യമായി പരിഗണിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥ ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അടുത്ത മന്ത്രിസഭ യോഗത്തില്‍ ഉചിതമായ തീരുമാനം എടുക്കും ഇദ്ദേഹം അറിയിച്ചു.

അതേസമയം കര്‍ണാടകയിലെ ഹോട്ടികള്‍ച്ചര്‍ മന്ത്രി കെസി നാരായണ, ഇന്ധന വില വര്‍ദ്ധനവ് പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി ഉയര്‍ത്തിക്കൊണ്ടുവരുന്നതാണെന്നും, അത് ഒരിക്കലും ജനങ്ങളെ ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി. 

click me!