ഐ ഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് എംഎല്‍എയുടെ മകന്‍; സമ്പര്‍ക്കം കുറയ്ക്കാനെന്ന് വിശദീകരണം, വിവാദം

By Web TeamFirst Published Sep 4, 2021, 12:51 PM IST
Highlights

സംഭവത്തിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. കൊവിഡ് കാരണം സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോള്‍ എംഎല്‍എയുടെ മകന്‍ ധൂര്‍ത്ത് കാണിച്ചത് ശരിയല്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
 

ബെംഗളൂരു: കര്‍ണാടക കൊപ്പല്‍ എംഎല്‍എ ബസവരാജ് ദാഡെസുഗുറിന്റെ മകന്‍ സുരേഷ് ജന്മദിനാഘോഷത്തില്‍ ഐ ഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. വിലകൂടിയ ഐ ഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചത്. 

സംഭവത്തിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. കൊവിഡ് കാരണം സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോള്‍ എംഎല്‍എയുടെ മകന്‍ ധൂര്‍ത്ത് കാണിച്ചത് ശരിയല്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹോസ്‌പേട്ടിലാണ് ആഡംബര ജന്മദിനാഘോഷം നടന്നത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ആഡംബര വാഹനമായ ബിഎംഡബ്ല്യുവിലാണ് ആഘോഷം നടക്കുന്നിടത്ത് എത്തിച്ചത്. ഔഡി കാറോടിച്ച് ബെല്ലാരിയില്‍ പോകുന്നതിനിടയില്‍ റസ്‌റ്റോറന്റില്‍ കയറുന്ന ദൃശ്യങ്ങളും പങ്കുവെച്ചു. 

വിമര്‍ശനം കടുത്തതോടെ മകനെ ന്യായീകരിച്ച് എംഎല്‍എ രംഗത്തെത്തി. മകന്‍ അധ്വാനിച്ച് സമ്പാദിക്കുന്നതാണെന്നും കൊവിഡ് കാരണമാണ് ഐഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിച്ചതെന്നും അദ്ദേഹം ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. അതേസമയം എംഎല്‍എക്കെതിരെ ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാട്ടുകാരില്‍ നിന്ന് പണം പിരിച്ച എംഎല്‍എ ജയിച്ച ശേഷം മൂന്ന് ആഡംബര കാറുകള്‍ വാങ്ങിയെന്നാണ് ആരോപണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!