മൈസൂരു ഭൂമി കുംഭകോണക്കേസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ​ഗവർണർ

Published : Aug 17, 2024, 12:40 PM IST
മൈസൂരു ഭൂമി കുംഭകോണക്കേസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ​ഗവർണർ

Synopsis

മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകി. 1988ലെ അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി. 

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ(MUDA) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യും. പ്രദീപ് കുമാർ, ടിജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നിവരുടെ ഹർജിയെ തുടർന്നാണ് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് ​ഗവർണർ വിചാരണക്ക് അനുമതി നൽകിയത്. 

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു. ആരോപണങ്ങൾക്ക് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും എന്തുകൊണ്ട് വിചാരണ ചെയ്യരുതെന്നും വ്യക്തമാക്കണമെന്നുമാവശ്യപ്പെട്ട് ഗവർണർ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് വിചാരണക്ക് അനുമതി നൽകരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിസഭ പ്രമേയം പാസാക്കി. നോട്ടീസ് പിൻവലിക്കണമെന്നും  ഭരണഘടനാ പദവി ദുരുപയോ​ഗം ചെയ്യരുതെന്നും  ​ഗവർണറോട് ആവശ്യപ്പെടുകയും ചെയ്തു.കോടികളുടെ കുംഭകോണം സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയെന്ന് പരാതിക്കാർ ഹർജിയിൽ ആരോപിച്ചു. 

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയിൽ ലോകായുക്തയിൽ എബ്രഹാം പരാതി നൽകിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകൻ എസ് യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളിലാണ് പരാതി നൽകിയത്. ഭൂമി കുംഭകോണത്തിൽ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും മുഡ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് മറ്റൊരു ആക്ടിവിസ്റ്റായ സ്നേഹമയി കൃഷ്ണയും ആരോപിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചതിനാൽ പുതിയ എഫ്ഐആർ ഫയൽ ചെയ്തിട്ടില്ല.

തൻ്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ 2004-ൽ മല്ലികാർജുന ഇത് അനധികൃതമായി സ്വന്തമാക്കുകയും സർക്കാരിൻ്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് രജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്ന് ആക്ടിവിസ്റ്റ് കൃഷ്ണ ആരോപിച്ചു. 2014ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാർവതി ഈ ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി ബെംഗളൂരു മുതൽ മൈസൂരു വരെ ഒരാഴ്ചത്തെ പദയാത്ര നടത്തിയിരുന്നു. അതേസമയം, ബിജെപിയുടെ കാലത്താണ് ഭൂമി ലഭിച്ചതെന്ന് സിദ്ധരാമയ്യയും തിരിച്ചടിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി