Latest Videos

യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകം: പ്രവീണ്‍ നെട്ടാറിന്‍റെ വീട് കർണാടക മുഖ്യമന്ത്രി സന്ദര്‍ശിക്കും

By Web TeamFirst Published Jul 28, 2022, 3:16 PM IST
Highlights

കൊലപാതക കേസില്‍ 21 എസ്‍ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോടിലേക്കും കണ്ണൂരിലേക്കും കര്‍ണാടക പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരു:  കേരള കര്‍ണാടക അതിര്‍ത്തിയായ സുള്ള്യയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാറിന്‍റെ വീട് കർണാടക മുഖ്യമന്ത്രി സന്ദര്‍ശിക്കും. യുവമോർച്ച പ്രതിഷേധങ്ങൾക്കിടെയാണ് സന്ദര്‍ശനം. കൊലപാതക കേസില്‍ 21 എസ്‍ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോടിലേക്കും കണ്ണൂരിലേക്കും കര്‍ണാടക പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റ് വൈകുന്നതിന് എതിരെ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകള്‍ക്ക് എതിരെ കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. 

രാജിഭീഷണിയും പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രണ്ടാം ദിവസവും തെരുവിലാണ്. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൂട്ടരാജിക്കത്ത് അയച്ചതോടെ കേന്ദ്രം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടി. പിന്നാലെ ബൊമ്മൈ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക ചടങ്ങുകള്‍ എല്ലാം റദ്ദാക്കി. അര്‍ധരാത്രി ഡിജിപി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരള രജിസ്ട്രേഷനിലുള്ള ബൈക്ക് നേരത്തെ പിടിച്ചെടുത്തിരുന്നു. പ്രതികള്‍ കേരളത്തിലേക്ക് കടന്നെന്ന സംശയത്തില്‍ കേരളാ ഡിജിപിയോട് കര്‍ണാടക പൊലീസ് മേധാവി സഹായം തേടി. ദക്ഷിണ കന്നഡ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാസര്‍കോടും കണ്ണൂരും കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. നടന്നത് ആസൂത്രിത കൊലപാതകമെന്നാണ് ബിജെപി ആരോപിക്കുന്നത്. കനയ്യ ലാലിനെ പിന്തുണച്ച് കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബിജെപി ആരോപണം. 

ചൊവ്വാഴ്ച്ച രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് യുവമോര്‍ച്ച മംഗ്ലൂരു ജില്ലാ സെക്രട്ടറിയായ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകില്‍ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ നെട്ടാരു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകശേഷം ഉടന്‍ തന്നെ പ്രതികള്‍ രക്ഷപ്പെട്ടു. 


 

click me!