'പണം, മധുരം', സ്വീറ്റ് ബോക്സില്‍ വീഴാതെ കര്‍ണ്ണാടകയിലെ മാധ്യമപ്രവര്‍ത്തകര്‍; മുഖ്യമന്ത്രിയുടെ ഗിഫ്റ്റ് മടക്കി

By Manu SankarFirst Published Oct 29, 2022, 5:35 PM IST
Highlights

ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം രൂപ വരെ ഗിഫ്റ്റ് ബോക്സുകളില്‍ ലഭിച്ചവരുണ്ട്. പൊളിറ്റിക്കല്‍ ബീറ്റ് റിപ്പോര്‍ട്ടര്‍മാരെയും പത്ര, ദൃശ്യ, ഡിജിറ്റല്‍ ന്യൂസ് എഡിറ്റര്‍മാരെയും തേടിയാണ് ഈ ഗിഫ്റ്റ് ബോക്സുകള്‍ എത്തിയത്.

ബെംഗളൂരു: മധുരത്തിനൊപ്പം പണം നിറച്ച ദീപാവലി ബോക്സുകളാണ് കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തകരുടെ ഓഫീസുകളില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ഓഫീസില്‍ നിന്നുള്ള ദീപാവലി സമ്മാനമെന്ന തലക്കെട്ടോടെയായിരുന്നു ഈ ഗിഫ്റ്റ് ബോക്സുകള്‍. ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം രൂപ വരെ ഗിഫ്റ്റ് ബോക്സുകളില്‍ ലഭിച്ചവരുണ്ട്. പൊളിറ്റിക്കല്‍ ബീറ്റ് റിപ്പോര്‍ട്ടര്‍മാരെയും പത്ര, ദൃശ്യ, ഡിജിറ്റല്‍ ന്യൂസ് എഡിറ്റര്‍മാരെയും തേടിയാണ് ഈ ഗിഫ്റ്റ് ബോക്സുകള്‍ എത്തിയത്.  മധുരപലഹാരങ്ങള്‍ അടങ്ങിയ ബോക്സുകള്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ദീപാവലി സമ്മാനമായി ലഭിക്കുന്നത് പതിവാണ്. എന്നാല്‍ പണം അടങ്ങിയ ബോക്സുകള്‍, അതും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ ലഭിക്കുന്നത് ആദ്യമായാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം ചൂണ്ടികാട്ടുന്നു. 

'സ്വീറ്റ് ബോക്സ് കോഴ' എന്നാണ് ബെംഗ്ലൂരു പ്രസ് ക്ലബ്ബ് ഇതിനോട് പ്രതികരിച്ചത്. കടുത്ത അതൃപ്തി വ്യക്തമാക്കി ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും പണം അടങ്ങിയ ഈ ഗിഫ്റ്റ് ബോക്സുകള്‍ തിരികെനല്‍കി. മാധ്യപ്രവര്‍ത്തനത്തെ വിലയ്ക്കെടുക്കാനുള്ള നീക്കമാണ് നടന്നതെന്ന രൂക്ഷ വിമര്‍ശനം പത്രപ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു കഴിഞ്ഞു. ഗിഫ്റ്റ് ബോക്സുകള്‍ മടക്കി നല്‍കിയതിലൂടെ പത്രപ്രവര്‍ത്തനത്തിന്‍റെ അന്തസ്സ് മാധ്യപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിച്ചെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഗിഫ്റ്റ് ബോക്സുകള്‍ മടക്കി നല്‍കിയ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് അഭിനന്ദിച്ചു. 

 ''ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നപുള്ള ദീപാവലി ഗിഫ്റ്റ് ബോക്സ് ഓഫീസില്‍ കിട്ടിയത്.  അത് എടുത്ത് തുറന്നപ്പോള്‍ അതില്‍ പണമുള്ള ഒരു കവര്‍ കണ്ടു. എത്രയുണ്ടെന്ന് എണ്ണാന്‍ പോലും പോയില്ല. ഉടന്‍ തന്നെ തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെ വിളിച്ച് അതൃപ്തി അറിയിച്ചു'' കന്നഡയിലെ പ്രമുഖ ദിനപത്രത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്.  എന്നാല്‍ പുതിയതായി ജോയിന്‍ ചെയ്ത മീഡിയാ കോര്‍ഡിനേറ്റര്‍ കാണിച്ച അബദ്ധമെന്നാണ് മുഖ്യമന്ത്രിയുടെ ബസവരാജ് ബൊമ്മയെയുടെ ഓഫീസ് ഇതിനോട് പ്രതികരിച്ചത്. ഇത്തരത്തില്‍ പണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മീഡിയ കോര്‍ഡിനേറ്റര്‍ സ്വയം ചെയ്ത നടപടിയെന്നുമാണ് വിശദീകരണം. 

ബൊമ്മെ സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം അടക്കം ശക്തമായതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ തന്നെ വിലയ്ക്കെടുക്കാനുള്ള സ്വീറ്റ് ബോക്സ് ആരോപണം. മാധ്യമപ്രവര്‍ത്തനത്തെ വിലയ്ക്കെടുക്കാമെന്ന ബിജെപി ധാരണയാണ് പൊളിഞ്ഞതെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. സംഭവത്തില്‍ ജുഡിഷ്വല്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ബെംഗ്ലൂരുവിലെ അഴിമതി വിരുദ്ധ സംഘടന ലോകായുക്ത പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.   

Read More : മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിന് തടയിടാന്‍ കർണാടക; ജിപിഎസ് ഉപയോഗിച്ച് നിരീക്ഷിക്കും

click me!