
ദില്ലി: കർണാടക മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകില്ല. നാളെ ഈ വിഷയത്തിൽ ഹൈക്കമാൻഡ് നേതൃത്വത്തിൽ വിശദമായ ചർച്ച നടക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ വീട്ടിൽ നിർണായ യോഗം പുരോഗമിക്കുകയാണ്. എഐസിസി ചുമതലപ്പെടുത്തിയ നിരീക്ഷകരടക്കം റിപ്പോർട്ടുമായി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നീരസം പ്രകടമാക്കി മുന്നോട്ട് പോവുകയാണ് ഡികെ ശിവകുമാർ. സിദ്ധരാമയ്യ ദില്ലിയിലെത്തിയതിന് പിന്നാലെ ഡികെ ശിവകുമാറും ദില്ലിക്ക് പോവുമെന്ന് പറഞ്ഞെങ്കിലും പിന്മാറി.
ഹൈക്കമാൻഡ് സമ്മർദ്ദത്തിന് വഴങ്ങിയ ഡികെ ശിവകുമാർ, വൈകീട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കർണാടകയിൽ താൻ നടത്തിയ ഒറ്റയാൾ പോരാട്ടം ഓർമ്മിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷം കർണാടകയിൽ എന്തൊക്കെ സംഭവിച്ചെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സമയം വരുമ്പോൾ പറയുമെന്ന മുന്നറിയിപ്പും ഡികെ ശിവകുമാർ നൽകുന്നു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കൊണ്ട് മാത്രം സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ തലവേദന തീരില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഉപമുഖ്യമന്ത്രി പദത്തിൽ അടക്കം എംബി പാട്ടീൽ ഉൾപ്പെടെയുള്ള നേതാക്കൾ അവകാശവാദം ഉന്നയിച്ചു. എത്രത്തോളം വെല്ലുവിളിയാണ് പിന്തുണച്ച വിഭാഗങ്ങളെ തൃപ്തിപ്പെടുത്താൻ എന്നാണ് അറിയാത്തത്. കർണാടകത്തിൽ 70 ശതമാനം നിയമസഭാംഗങ്ങളും സിദ്ധരാമയ്യയെ പിന്തുണച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശിവകുമാറിനെ മാറ്റിനിർത്തി സംസ്ഥാനത്ത് ഒരു അന്തിമ തീരുമാനം എടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam