
ബെംഗളൂരു: കേന്ദ്ര ബജറ്റിൽ കർണാടകയോട് അനീതി കാണിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിരാശാജനകമായ ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കേന്ദ്ര ബജറ്റ് കർണാടകക്ക് ഒന്നും നൽകിയില്ല. ബജറ്റിന് മുമ്പുള്ള ചർച്ചയിൽ പങ്കെടുക്കാൻ റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയെ അയച്ചിരുന്നു. സംസ്ഥാനത്തിനുവേണ്ടി നിരവധി ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. പക്ഷേ ഒരെണ്ണം പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ നികുതിയൊടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. എന്നാൽ, ബിഹാറിന് കൂടുതൽ ഫണ്ട് അനുവദിച്ചു. ആന്ധ്രപ്രദേശിന് രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായി അധിക വിഹിതം ലഭിച്ചെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. മേക്കേദാട്ടു, ഭദ്ര അപ്പർ ബാങ്ക്, മഹാദായി, കൃഷ്ണ അപ്പർ ബാങ്ക് എന്നിവയുൾപ്പെടെ നിർണായക ജലസേചന പദ്ധതികൾക്ക് ഫണ്ടനുവദിച്ചില്ല. കഴിഞ്ഞ ബജറ്റിൽ ഭദ്ര അപ്പർ ബാങ്ക് പദ്ധതിക്ക് കേന്ദ്രം 5300 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഒരുരൂപപോലും അനുവദിച്ചിട്ടില്ല.
റായ്ച്ചൂരിൽ എയിംസ് ആശുപത്രി ബജറ്റിൽ ഉൾപ്പെടുത്താത്തതിനെയും മുഖ്യമന്ത്രി വിമർശിച്ചു. നഗരപ്രദേശങ്ങളിലെ ഭവനനിർമാണത്തിന് കേന്ദ്രം 1.5 ലക്ഷം രൂപയാണ് നൽകുന്നത്. ഈ തുക അഞ്ചു ലക്ഷമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പരിഗണിച്ചില്ല. ഗ്രാമപ്രദേശങ്ങളിൽ മൂന്നു ലക്ഷമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതും നിരസിക്കപ്പെട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം ഈ വർഷം 86,000 കോടിയായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam