
ബംഗ്ലൂരു : കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ സത്യപ്രതിജ്‍ഞ ചെയ്യും. 25 മന്ത്രിമാരും നാളെ ചുമതലയേൽക്കും. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ പാർട്ടികളുടെ സംഗമവേദിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാൽ കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് സിപിഎം രംഗത്തെത്തി. സങ്കുചിതമായ നിലപാടെന്ന് പ്രകാശ് കാരാട്ടും അപക്വമായ തീരുമാനമെന്ന് എല്‍ഡിഎഫ് കണ്‍വീനറും കുറ്റപ്പെടുത്തി. സിപിഎം ജനറല്‍ സെക്രട്ടറിക്ക് ക്ഷണമുണ്ടല്ലോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം.
ബിജെപി മുക്ത ദക്ഷിണേന്ത്യ യാഥാര്‍ത്ഥ്യമായെന്ന ആശ്വാസമാണ് കോണ്‍ഗ്രസിന്‍റെ കര്‍ണാടക വിജയത്തോടെ ബിജെപി വിരുദ്ധകക്ഷികള്‍ പൊതുവെ ഉയര്‍ത്തിയ മുദ്രാവാക്യം. കോണ്‍ഗ്രസ് വിജയത്തില്‍ സിപിഎം ഉള്‍പ്പടെ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടും കേരള, തെലുങ്കാന മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ക്ഷണമില്ല. ബിജെപിയെ ഒറ്റയ്ക്ക് പൊരുതി തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് മനസിലാക്കണമെന്നും മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ദേശീയ രാഷ്ട്രീയം ശരിയായ നിലയില്‍ വിലയിരുത്താന്‍ കഴിയാത്ത ദുര്‍ബലമായ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. ഈ സമീപനമാണെങ്കില്‍ കര്‍ണാടക സര്‍ക്കാര്‍ എത്രകാലമെന്ന് കണ്ടറിയണമെന്നും ജയരാജൻ പരിഹസിച്ചു.
'കർണാടക സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത് പാർട്ടി നേതാക്കളെ'; പിണറായിയെ വിളിക്കാത്തതിൽ പ്രതികരിച്ച് കെ സി read more 'കർണാടക സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത് പാർട്ടി നേതാക്കളെ'; പിണറായിയെ വിളിക്കാത്തതിൽ പ്രതികരിച്ച് കെ സി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam