
ബെംഗളുരു : സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവ്ധി ശക്തമായ മത്സരമാണ് നേരിടുന്നത്. നാടിന്‍റെ വികസനത്തിനായാണ് കോൺഗ്രസിലേക്ക് വന്നതെന്നും ജയിച്ചാൽ ലഭിക്കുന്ന സ്ഥാനത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അത്ത്നി മണ്ഡലത്തിലെ പ്രചാരണത്തിനിടെ സാവ്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ വിജയം ആവർത്തിക്കുമെന്നാണ് എതിർസ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ മഹേഷ് കാംഠള്ളിയുടെ ആത്മവിശ്വാസം. 2018ൽ രണ്ട് പാർട്ടികളിൽ നേർക്കുനേർ മത്സരിച്ചവർ തന്നെയാണ് ഇത്തവണ പാർട്ടി മാറി നേർക്കുനേർ വരുന്നത്.
അമ്പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് സാവ്ധിയുടെ ആത്മവിശ്വാസം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്നും ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്നും ജനങ്ങൾക്ക് അറിയാം. ഇത്തവണ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് തരംഗം ആണ്. തന്നോടൊപ്പം നിരവധി പേർ വന്നിട്ടുണ്ട്. ഇവിടെ ബിജെപി തന്നെ ഇല്ലാതായിക്കഴിഞ്ഞു. എന്തെങ്കിലും സ്ഥാനത്തിന് വേണ്ടിയല്ല, വികസനത്തിന് വേണ്ടിയാണ് കോൺഗ്രസിനൊപ്പം ചേർന്നെതെന്നും സാവ്ഡി പറഞ്ഞു.
2018ലെ തെരഞ്ഞെടുപ്പിന് ശേഷം അന്നത്തെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് രമേശ് ജർക്കിഹോളിയുടെ നേതൃത്വത്തിൽ എടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ് ബിജെപിയിലേക്ക് വന്നതെന്ന് ബിജെപി സ്ഥാനാർഥി മഹേഷ് കാംഠള്ളി പറഞ്ഞു. എന്തെങ്കിലും സ്ഥാനത്തിന് വേണ്ടി ആയിരുന്നില്ല. കടുത്ത പോരാട്ടമാണോ നടക്കുന്നതെന്ന് പറയാനാകില്ല. ഭൂരിപക്ഷത്തെക്കുറിച്ചും ഇപ്പോൾ പറയാനാകില്ല. എന്തുകൊണ്ടാണ് മോദിയടക്കമുള്ള ദേശീയ നേതാക്കളെ പ്രചാരണത്തിന് ഇറക്കേണ്ടി വരുന്നത് എന്ന ചോദ്യത്തിന് മോദി പാർട്ടി നേതാവാണ്, പ്രധാനമന്ത്രിയാണ്. ലോകം മുഴുവൻ അറിയുന്ന നേതാവാണ്. അങ്ങനെ കണ്ടാൽ മതിയെന്നാണ് മഹേഷ് കാംഠള്ളിയുടെ പ്രതികരണം.
Read More : കോടികൾ മുടക്കി നവീകരിച്ചു, വീട് ജനങ്ങളെ തുറന്ന് കാണിക്കണം; അരവിന്ദ് കെജ്രിവാളിനെതിരെ സമരം ശക്തമാക്കാൻ ബിജെപി