
ബംഗളൂരു: തെരഞ്ഞെടുപ്പിന് ഒന്നര മാസം മാത്രം ബാക്കിയുള്ളപ്പോള്‍ വീണ്ടും വൻ പ്രഖ്യാപനവുമായി കോൺഗ്രസ്. ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ വീതം അരി സൗജന്യമായി നൽകുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. കർണാടക പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. പ്രജ ധ്വനി യാത്രയില്‍ ജനങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ നല്‍കിയിരുന്ന ഏഴ് കിലോ അരി അഞ്ചാക്കി കുറച്ച ബിജെപി സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് ദേഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നടത്തുന്ന മൂന്നാമത്തെ വൻ വാഗ്ദാനമാണിത്. ഓരോ കുടുംബത്തിനും ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തൊഴിൽ രഹിതരായ എല്ലാ കുടുംബ നാഥമാർക്കും 2,000 രൂപ വീതം ഓണറേറിയം എന്നിവയായിരുന്നു കോൺഗ്രസിന്റെ മുൻ പ്രഖ്യാപനങ്ങൾ.
വാഗ്ദാനങ്ങളെക്കുറിച്ചുള്ള 'ഗ്യാരന്റി കാർഡുകൾ' വീടുകളിൽ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ കോൺഗ്രസ് ആരംഭിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതിനാൽ ഇത് അനിവാര്യമാണെന്ന് ശിവകുമാർ പറഞ്ഞു. അതേസമയം, ബിജെപി തന്നെ മാറ്റിനിർത്തിയെന്ന ആരോപണങ്ങൾ കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നിഷേധിച്ചു.
തനിക്ക് അവസരങ്ങൾ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഇങ്ങനെ എനിക്ക് സ്ഥാനവും ബഹുമാനവും നൽകുന്നത് കാണുമ്പോൾ, നരേന്ദ്ര മോദിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. എനിക്ക് ലഭിച്ച അവസരങ്ങൾ മറക്കാൻ കഴിയില്ല. പാർട്ടി അവസരം നൽകിയതുകൊണ്ടാണ് ഞാൻ നാലു തവണ മുഖ്യമന്ത്രിയായത്. എനിക്ക് ലഭിച്ചത്ര അവസരങ്ങൾ മറ്റാർക്കും ലഭിച്ചിട്ടില്ല". യെദിയൂരപ്പ സംസ്ഥാന നിയമസഭയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam