
ബംഗളുരു: ബംഗളുരു മെട്രോ തൂൺ തകർന്ന് വീണ് മരിച്ച കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരത്തുക അനുവദിച്ചിട്ടുള്ളത്. നാഗവര സ്വദേശികളായ തേജസ്വിനി, മകൻ വിഹാൻ എന്നിവരാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. മെട്രോ തൂൺ കയറിൽ കെട്ടി ഉയർത്തുമ്പോൾ കയർ പൊട്ടി താഴേക്ക് വീണാണ് അപകടമുണ്ടായത്.
ബെംഗളുരു എച്ച്എസ്ആര്‍ ലേ ഔട്ടിന് സമീപത്തുള്ള ഔട്ടർ റിംഗ് റോഡിന് സമീപത്തെ റോഡിലാണ് പണിതുകൊണ്ടിരുന്ന ബെംഗളുരു മെട്രോ തൂണ്‍ റോഡിലേക്ക് തകര്‍ന്ന് വീണ് അപകടമുണ്ടായത്. ഈ സമയം ഇതിലേ കടന്നുപോയ ഇരുചക്ര വാഹന യാത്രികരായ കുടുംബത്തിന്‍റെ മുകളിലേക്കായിരുന്നു ടണ്‍ കണക്കിന് ഭാരമുള്ള ഇരുമ്പ് തൂണ്‍ തകര്‍ന്ന് വീണത്. നാലംഗ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. തൂണിനടയില്‍പ്പെട്ട അമ്മയേയും രണ്ടര വയസുള്ള മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. തേജസ്വിനിയുടെ ഭര്‍ത്താവ് ലോഹിത് കുമാറും മകളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രണ്ട് പേരും ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.
218ാം നമ്പര്‍ പില്ലറാണ് തകര്‍ന്ന് വീണത്. നാല്‍പത് അടിയോളം ഉയരവും ടണ്‍കണക്കിന് ഭാരവും ഉള്ള പില്ലറാണ് ഇരുചക്രവാഹന യാത്രക്കാരുടെ മേലേക്ക് വീണത്. സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ് കൊല്ലപ്പെട്ട തേജസ്വിനി. ഭര്‍ത്താവ് ലോഹിത് കുമാര്‍ സിവില്‍ എൻജിനിയറാണ്. ഇരട്ടക്കുട്ടികളെ നഴ്സറിയിലാക്കാനുള്ള യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. തൂണിന്‍റെ പണികള്‍ ചെയ്യുന്ന കോണ്‍ട്രാക്ടറുടെ ലൈസന്സ് റദ്ദാക്കാതെ മകളുടെ മൃതദേഹം വാങ്ങില്ലെന്ന് തേജസ്വിനിയുടെ കുടുംബം ഇന്നലെ പ്രതികരിച്ചിരുന്നു. ബെംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബെംഗളുരു വിമാനത്താവളം വരെയാണ് ഈ ഘട്ടത്തിലെ പണികള്‍ നടക്കുക.