കൊവിഡ് 19: ഏറ്റെടുക്കാനാളില്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിച്ച് ചിതാഭസ്മം കാവേരിയിലൊഴുക്കി കര്‍ണാടക സര്‍ക്കാര്‍

By Web TeamFirst Published Jun 2, 2021, 7:46 PM IST
Highlights

ഗംഗയില്‍ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ ഒഴുകി നടന്നു. പക്ഷികള്‍ മൃതദേഹങ്ങള്‍ ഭക്ഷിച്ചു. ഇത് നമുക്ക് നാണക്കേടാണ്. അതുകൊണ്ടാണ് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരവോടെയുള്ള സംസ്‌കാരം നടത്തിയതെന്നും മന്ത്രി പറഞ്ഞു. 

ബെംഗളൂരു: ഏറ്റെടുക്കാനാളില്ലാത്ത കൊവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിച്ച് കാവേരിയിലൊഴുക്കി കര്‍ണാടക സര്‍ക്കാര്‍. 567 മൃതദേഹങ്ങളാണ് മന്ത്രി ആര്‍ അശോകയുടെ നേതൃത്വത്തില്‍ കാവേരിയില്‍ ഒഴുക്കിയത്. 1200 മൃതദേഹങ്ങള്‍ സംസ്‌കരിച്ച് ചിതാഭസ്മം കാവേരിയില്‍ ഒഴുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. 

ചിതാഭസ്മം മന്ത്രിയുടെ നേതൃത്വത്തില്‍ കാവേരി നദിയിലൊഴുക്കുന്നു.

കാവേരിയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയാല്‍ പരേതര്‍ സ്വര്‍ഗത്തിലെത്തുമെന്നും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ചില കുടുംബങ്ങള്‍ വിവിധ കാരണങ്ങളാല്‍ സ്വീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ''കുടുംബങ്ങള്‍ വേദനയിലൂടെ കടന്നുപോകുന്നത്. അവരുടെ ദുഃഖത്തില്‍ സര്‍ക്കാറും പങ്കുചേരുന്നു. ഇത് കര്‍ണാടക ജനതയുടെ വൈകാരിക പ്രശ്‌നമാണ്. റവന്യു മന്ത്രി എന്ന നിലയിലെ എന്റെ കടമയാണ് ഞാന്‍ നിര്‍വഹിക്കുന്നത്''-മന്ത്രി പറഞ്ഞു.

ഗംഗയില്‍ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ ഒഴുകി നടന്നു. പക്ഷികള്‍ മൃതദേഹങ്ങള്‍ ഭക്ഷിച്ചു. ഇത് നമുക്ക് നാണക്കേടാണ്. അതുകൊണ്ടാണ് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരവോടെയുള്ള സംസ്‌കാരം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!