
ബെംഗളൂരു: സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ ഏകീകരിക്കാനും മരുന്ന് വിലയിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി പുതിയ നയം നടപ്പിലാക്കാൻ കർണാടക സർക്കാർ നീക്കം തുടങ്ങി. ഒരേ ചികിത്സയ്ക്ക് വിവിധ ആശുപത്രികൾ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി യു.ടി. ഖാദർ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ചർച്ച തുടങ്ങി.
ചികിത്സാ ചെലവുകൾ മുൻകൂട്ടി അറിയാൻ സാധിക്കുന്ന തരത്തിൽ ഓരോ ചികിത്സയുടെയും ഏകീകൃത നിരക്ക് വിവരിക്കുന്ന 'റേറ്റ് കാർഡ്' അവതരിപ്പിക്കണമെന്നും ആശുപത്രി റിസപ്ഷനുകളിൽ ഇവ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ആരോഗ്യ മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും വ്യത്യസ്തമായതിനാൽ എല്ലാ സ്വകാര്യ ആശുപത്രികൾക്കും ഒരേ നിരക്ക് ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ നിലപാട്.
ആശുപത്രികൾ വാങ്ങുന്ന മരുന്നുകളുടെ യഥാർത്ഥ വിലയും അത് രോഗികൾക്ക് വിൽക്കുന്ന വിലയും പരസ്യപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എംആർപി തുക ഉയർത്തി ലാഭം കൂടുതൽ ഈടാക്കുന്നത് തടയാനും ജീവൻരക്ഷാ മരുന്നുകളുടെ വില കുറയ്ക്കുന്നതിനുമായാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഇക്കാര്യത്തിൽ മരുന്ന് കമ്പനികളുമായി കൂടുതൽ ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ബിൽ തുക മുഴുവനായും അടക്കാനാവാത്ത സാഹചര്യത്തിൽ മൃതദേഹങ്ങൾ വിട്ടുനൽകാത്തതിനെതിരെയും ശക്തമായ നയം സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇൻഷുറൻസ് ക്ലെയിമുകൾ കുറയ്ക്കുന്നതിനും ബിൽ തുകയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുമായി ഇൻഷുറൻസ് കമ്പനികളുമായും സർക്കാർ പ്രത്യേക ചർച്ച നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam