
ബെംഗലുരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് റെയ്‌ഡുകൾ നടത്താനോ വസ്തുക്കൾ പിടിച്ചെടുക്കാനോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് കർണാടക ഹൈക്കോടതി. റിട്ടേണിംഗ് ഓഫീസർക്കും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പരിശോധനയ്ക്ക് അധികാരമുണ്ട്. എന്നാൽ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്തരത്തിൽ പരിശോധനകൾ നടത്തരുത്. കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് നാഗപ്രസന്നയുടേതാണ് വിധിപ്രസ്താവം. ബെംഗളുരു ശിവാജി നഗറിലെ ഒരു സാമൂഹ്യപ്രവർത്തകൻ നൽകിയ ഹർജിയിലാണ് വിധി. മാർച്ച് 19-ന് ഹർജിക്കാരന്‍റെ വസതിയിൽ നിന്ന് അരിച്ചാക്കുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. മാർച്ച് 29-നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.