മുന്നറിയിപ്പുകൾ അവഗണിച്ച് ഉപവാസ സമരം തുടങ്ങി സച്ചിൻ പൈലറ്റ്, രാജസ്ഥാൻ സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ്

Published : Apr 11, 2023, 11:28 AM ISTUpdated : Apr 11, 2023, 11:46 AM IST
മുന്നറിയിപ്പുകൾ അവഗണിച്ച് ഉപവാസ സമരം തുടങ്ങി സച്ചിൻ പൈലറ്റ്, രാജസ്ഥാൻ സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ്

Synopsis

കോണ്‍ഗ്രസ് അധ്യക്ഷനായി ഗെലോട്ടിനെ നിയമിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം പൈലറ്റിന് നല്‍കാൻ കോണ്‍ഗ്രസ് നേതൃത്വം നേരത്തേ ശ്രമിച്ചിരുന്നു


ജയ്പൂർ: രാജസ്ഥാൻ സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് ഉപവാസ സമരം തുടങ്ങി. സമരം തുടങ്ങുന്നതിന് തൊട്ടുമുൻപ് രാജസ്ഥാൻ സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ഇട്ടു. കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് സച്ചിൻ പൈലറ്റെന്ന് ബിജെപി നേതാക്കൾ വിമർശിച്ചു.

ഉപവാസ സമരം രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിൻറെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയെന്നാണ് രാജസ്ഥാൻ പ്രതിപക്ഷ നേതാവായ ബിജെപിയുടെ രാജേന്ദ്ര റാത്തോർ വിമർശിച്ചത്. രാജ്യത്ത് കോൺഗ്രസ് ദുർബലമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ സർക്കാർ നീതിയുടെ പാതയിൽ മുന്നേറുകയാണെന്നാണ് ഇതേ സമയത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ വന്ന ട്വീറ്റ്. സച്ചിൻ പൈലറ്റിന്റെ സമരം നടക്കാനിരിക്കെയാണ് ഗെലോട്ട് സർക്കാരിനെ പുകഴ്ത്തി ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

രാജസ്ഥാനിലെ മുൻ ബിജെപി സർക്കാരിൻറെ അഴിമതി കേസുകളിൽ നടപടി ആവശ്യപ്പെട്ടാണ് സച്ചിൻ പൈലറ്റ് ഒരു ദിവസത്തെ ഉപവാസ സമരം നടത്തുന്നത്. എന്നാൽ ഉപവാസ സമരം പാർട്ടി വിരുദ്ധമെന്ന് ഇന്നലെ എഐസിസി നേതൃത്വം പ്രസ്താവിച്ചിരുന്നു. രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ  സിംഗ് രൺധാവയാണ് പ്രസ്താവന പുറത്തിറക്കിയത്. പാർട്ടിയിലെ പ്രശ്നങ്ങൾ അതിനകത്ത് തന്നെ ചർച്ച ചെയ്യണമെന്നും നേതൃത്വം വ്യക്തമാക്കി. ഉപവാസം നടത്തുന്നത് പാർട്ടിവിരുദ്ധമെന്നും എഐസിസി നേതൃത്വം സച്ചിൻ പൈലറ്റിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മറികടന്നാണ് സച്ചിൻ പൈലറ്റിന്റെ സമരം.

രാഹുല്‍ഗാന്ധിയുടെ അയോഗ്യത വിഷയം, പ്രതിപക്ഷ ഐക്യം, കർണാടക തെരഞ്ഞെടുപ്പ് എന്നിവക്കിടെയാണ് സച്ചിന്‍ പൈലറ്റിന്‍റെ സമരം. പാർട്ടിയിലെ ആഭ്യന്തര കലഹം മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട പാർട്ടി നീക്കത്തിന് വലിയ തിരിച്ചടിക്ക് കാരണമാകുമെന്നതാണ് നേതൃത്വത്തെ ചൊടുപ്പിച്ചത്. വസുദ്ധര രാജെ സർക്കാരിനെതിരെയുളള അഴിമതി കേസുകളില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പൈലറ്റിന്‍റെ സമരം. എന്നാൽ അദ്ദേഹം ഉന്നം വെക്കുന്നത് മുഖ്യമന്ത്രിയും പാർട്ടിയിലെ തന്റെ എതിരാളിയുമായ അശോക് ഗെലോട്ടിനെയാണ്.

രാജസ്ഥാനിലെ ആഭ്യന്തര പ്രശ്നം വഷളായാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയില്‍ ബിജെപി മുതലെടുക്കുമെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. അതിനാലാണ്  രണ്‍ദാവയോട് വിഷയത്തില്‍ പെട്ടന്ന് ഇടപെടാൻ നിര്‍ദേശിച്ചത്. ഇന്നോ നാളെയോ രാജസ്ഥാനില്‍ പോകുമെന്ന് വ്യക്തമാക്കിയ രണ്‍ദാവെ ഇത്രയും നാളും കേസുകളില്‍ നടപടിയില്ലെന്നത് പ്രശ്നമായി പൈലറ്റ് ചൂണ്ടിക്കാണിച്ചിരുന്നില്ലെന്ന് കുറ്റപ്പെടുത്തി. 

ബിജെപിക്കെതിരായ കേസുകളില്‍ മൃദു സമീപനമെന്ന വിമർശനം ഉണ്ടായില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അത് ബാധിക്കും. കേസുകളില്‍ ഇപ്പോള്‍ നടപടി പ്രഖ്യാപിച്ചാല്‍ അത് സച്ചിന്‍ പൈലറ്റിന്‍റെ വിജയമാകും. ഇത് രണ്ടും ഗെലോട്ട് പക്ഷത്തെ വിഷമ വൃത്തത്തില്‍ ആക്കുന്നുണ്ട്. രാജസ്ഥാനില്‍ എട്ട് മാസം മാത്രമേ തെരഞ്ഞടുപ്പിന് ബാക്കിയുള്ളു. 2020 ല്‍ ഗെലോട്ടിനെ മറിച്ചിട്ട് ഭരണം പിടിക്കാന്‍  ശ്രമം നടത്തിയ ശേഷം ഇത് ആദ്യമായാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് പൈലറ്റ് കടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി ഗെലോട്ടിനെ നിയമിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം പൈലറ്റിന് നല്‍കാൻ കോണ്‍ഗ്രസ് നേതൃത്വം നേരത്തേ ശ്രമിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ലെന്ന് ഗെലോട്ട് കർശന നിലപാട് എടുത്തതോടെയാണ് എഐസിസിയുടെ ശ്രമം പാളിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും