Hijab Row : കർണാടകയിലെ ഹിജാബ് നിരോധനത്തിൽ ഹൈക്കോടതി വിധിയെന്ത്? രാവിലെ അറിയാം, പലയിടത്തും നിരോധനാജ്ഞ

Web Desk   | Asianet News
Published : Mar 14, 2022, 10:56 PM IST
Hijab Row : കർണാടകയിലെ ഹിജാബ് നിരോധനത്തിൽ ഹൈക്കോടതി വിധിയെന്ത്? രാവിലെ അറിയാം, പലയിടത്തും നിരോധനാജ്ഞ

Synopsis

ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്

ബംഗളുരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാളെ വിധിയുണ്ടാകും. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് വിധി പറയുക. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു. ഹിജാബ് വിഷയത്തില്‍ ഇടനിലക്കാരെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം വിധി വരുന്നതുമായി ബന്ധപ്പെട്ട് കർണാടകയിലെ തലസ്ഥാനമായ ബംഗളുരുവിലടക്കം പല  മേഖലകളിലും നിരോധനാജ്ഞയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കൽബുർഗിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയയും പ്രഖ്യാപിച്ചു. ശിവമൊഗ്ഗയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും നാളെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കർണാടകയിൽ ബെൽഗാവി, ഹസ്സൻ, ദേവാൻഗരെ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗ്ലൂരു നഗരത്തിലും പിന്നാലെ നിരോധാനജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് ഏ‍ർപ്പെടുത്തിയിട്ടുണ്ട്.

വിവാദം യുപിയിലും; ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല, വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

അതിനിടെ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ക്യാമ്പസില്‍ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അലിഗഢിലെ കോളേജാണ് ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ വിലക്കിയത്. അധികൃതര്‍ നിര്‍ദേശിച്ച യൂണിഫോം ഇല്ലാതെ ക്യാമ്പസിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കി കോളേജ് അധികൃതര്‍ നോട്ടീസ് പതിച്ചു. ശ്രീവര്‍ഷിണി കോളേജാണ് ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ വിലക്കിയത്. ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ മുഖം മറയ്ക്കരുതെന്നും കോളേജ് അധികൃതര്‍ നിര്‍ദേശിച്ചു. പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഇരിക്കാതെ വീടുകളിലേക്ക് മടങ്ങി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹിജാബും ബുര്‍ഖയും അഴിയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെന്നും കോളേജിലേക്ക് പ്രവേശനം അനുവദിച്ചില്ലെന്നും ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ലെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കി. കോളേജില്‍ ഡ്രസ് കോഡ് ഉണ്ടെന്നും അത് പാലിക്കണമെന്ന് മുന്നറിയിപ്പാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതെന്നും കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബീന ഉപാധ്യായ പറഞ്ഞു. വിദ്യാര്‍ഥികള്‍ കോളേജിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണെമന്ന് മാത്രമേ പറയുന്നുള്ളൂവെന്ന് കോളേജ് മേധാവി അനില്‍ വര്‍ഷിനിയും വ്യക്തമാക്കി. എന്നാല്‍ നേരത്തെ കോളേജില്‍ ഹിജാബ് അനുവദിച്ചിരുന്നെന്നും പെട്ടെന്നാണ് ഹിജാബ് നിരോധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്നും ആരോപണമുണ്ട്. ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും മുഴുവന്‍ ഹിജാബ് ധരിച്ചാണ് കോളേജില്‍ എത്തിതെന്നും അന്നൊന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി പറഞ്ഞു. ഡോ. അ്രംബേദ്കര്‍ സര്‍ലകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോളേജ് സംസ്ഥാനത്തെ പ്രമുഖ കോളേജുകളിലൊന്നാണ്. 1947-ലാണ് ഇത് സ്ഥാപിതമായത്.  കണക്കനുസരിച്ച്, 7,000 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഇതില്‍ 60ശതമാനവും പെണ്‍കുട്ടികളാണ്.

കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ഹിജാബ് വിവാദം ഉടലെടുത്തത്. കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്. പിന്നീട്, സംസ്ഥാന സര്‍ക്കാര്‍ ഹിജാബ് ധരിക്കുന്നത് മതപരമായ ആചാരമല്ലെന്ന് പറയുകയും സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് വിലക്കുകയും ചെയ്തു. കേസിൽ നാളെ ഹൈക്കോടതി വിധി വരും

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ