'യെദ്യൂരപ്പയെ മാറ്റണം', നേതാക്കള്‍ ദില്ലിയില്‍; കർണാടക ബിജെപിയില്‍ വീണ്ടും തർക്കം രൂക്ഷമാകുന്നു

By Web TeamFirst Published Nov 28, 2020, 9:59 AM IST
Highlights

മന്ത്രിസഭാ വികസനം നടപ്പാക്കാത്ത മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കെതിരായ നീക്കങ്ങൾ ശക്തമാക്കി ചില നേതാക്കൾ കേന്ദ്രനേതൃത്വത്തെ സമീപിച്ചു.  
 

ബെംഗളൂരു: ഒരിടവേളയ്ക്കുശേഷം കർണാടക ബിജെപിയില്‍ വീണ്ടും തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ കർണാടക ബിജെപിയില്‍ പുകയുന്ന അമർഷം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.  മന്ത്രിസഭാ വികസനം നടപ്പാക്കാത്ത മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കെതിരായ നീക്കങ്ങൾ ശക്തമാക്കി ചില നേതാക്കൾ കേന്ദ്രനേതൃത്വത്തെ സമീപിച്ചു.  

നേതൃമാറ്റത്തിനുവേണ്ടിയും മന്ത്രിസ്ഥാനത്തിനായും മുറവിളി കൂട്ടുന്ന നേതാക്കളില്‍ ചില‍ർ ദില്ലിയിലെത്തിക്കഴിഞ്ഞു. പാർട്ടി അധ്യക്ഷന്‍ ജെപി നദ്ദയെ കണ്ട് ആവശ്യങ്ങൾ നേരിട്ടുന്നയിക്കാനാണ് നീക്കം.  അതേസമയം യെദ്യൂരപ്പയും പാർട്ടിയില്‍ പിന്തുണ ഉറപ്പാക്കാന്‍ നടപടികൾ സജീവമാക്കി. സംസ്ഥാനത്തെ 53 ബോർഡ് കോ‍ർപ്പറേഷന്‍ തലപ്പത്തേക്ക് കഴിഞ്ഞ ദിവസം നിയമനങ്ങൾ പൂർത്തിയാക്കി. 

മറാത്ത വികസന അതോറിറ്റി രൂപീകരിച്ചു, സംസ്ഥാനത്തെ ബിജെപിയുടെ പ്രധാന വോട്ടുബാങ്കായ വീരശൈവ - ലിംഗായത്ത് വിഭാഗങ്ങൾക്ക് സംവരണ പദവി നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രഖ്യാപിച്ചു. ഇരുവിഭാഗങ്ങളുടെയും ഉന്നമനത്തിനായി 500 കോടി രൂപ വകയിരുത്തി ഉത്തരവിട്ടു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താകുമെന്ന് യെദ്യൂരപ്പയ്ക്ക് ഉറപ്പായെന്നാണ് പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ ഈ നടപടികളെപറ്റി പ്രതികരിച്ചത്.

അതേസമയം ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ അട്ടിമറി വിജയം നേടിയതുകൂടാതെ , ബസവകല്യാൺ , മസ്കി മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര നേതൃത്ത്വത്തില്‍നിന്നും തനിക്കെതിരായ നീക്കങ്ങളുണ്ടാകില്ലെന്ന് യെദ്യൂരപ്പ കരുതുന്നു.

ഇതിനിടെ ജെഡിഎസ് നേതാവ് കുമാരസ്വാമിയുമായി ഇടക്കിടെ ചർച്ചകൾ നടത്തുന്നതും അഭ്യൂഹങ്ങൾ ഉയർത്തുന്നുണ്ട്. നിലവില്‍ ഒഴിവുള്ള 7 മന്ത്രിസ്ഥാനങ്ങളിലക്ക് ഡസനിലധികം നേതാക്കളാണ് ആവശ്യമുന്നയിച്ചിട്ടുള്ളത്. ഏതായാലും മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ചർച്ച നിർണായകമാകും.
 

click me!