'ന്യൂനപക്ഷങ്ങൾ ഗോധ്ര ഓർക്കണം, ഭൂരിപക്ഷത്തിന് ക്ഷമ കെട്ടാൽ...', ഭീഷണിയുമായി കർണാടക മന്ത്രി

By Web TeamFirst Published Dec 20, 2019, 1:33 PM IST
Highlights

കർണാടക സാംസ്കാരിക വകുപ്പ് മന്ത്രിയാണ് സി ടി രവി. ഒരു വശത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനമുണ്ടാക്കരുതെന്ന് ബെംഗളുരു പൊലീസ് ആഹ്വാനം ചെയ്തിട്ടുള്ളപ്പോഴാണ് മന്ത്രി തന്നെ ഇത്തരമൊരു പരാമർശം നടത്തുന്നത്.

ബെംഗളുരു: ഭൂരിപക്ഷത്തിന് ക്ഷമകെട്ടാൽ ഗോധ്ര ആവർത്തിച്ചേക്കുമെന്ന ഭീഷണിയുമായി കർണാടക സാംസ്കാരിക വകുപ്പ് മന്ത്രി സി ടി രവി. ഡിസംബർ 19-ന് മാധ്യമങ്ങളോട് സംസാരിക്കുന്നതായി പുറത്തുവന്ന വീഡിയോയിൽ സി ടി രവി പറയുന്നതിങ്ങനെ, ''ഇതേ അവസ്ഥയിലാണ് ഗോധ്രയിൽ ഒരു തീവണ്ടി തീ വച്ച് നശിപ്പിച്ചത്. ആ മാനസികാവസ്ഥയുള്ള ആളുകൾ കർസേവകരെ തീവച്ചു കൊന്നു. ഇവിടത്തെ ഭൂരിപക്ഷം ക്ഷമയുള്ളവരായതിനാൽ എല്ലായിടത്തും തീ വയ്ക്കാനാണ് നിങ്ങൾ നോക്കുന്നത്. നിങ്ങളൊന്ന് തിരിഞ്ഞ് നോക്കിയാൽ മതി. ഭൂരിപക്ഷത്തിന്‍റെ ക്ഷമ കെട്ടാൽ എന്ത് സംഭവിക്കുമെന്നറിയാൻ..''എന്ന് സി ടി രവി.

കർണാടകത്തിലെ കോൺഗ്രസ് എംഎൽഎ യു ടി ഖാദറിനെക്കുറിച്ച് മന്ത്രി പറയുന്നതിങ്ങനെ: ''ഇതിനൊരു തിരിച്ചടിയുണ്ടായാൽ അത് എങ്ങനെയാകുമെന്ന് ഖാദറിനറിയാം എന്നാണ് ഞാൻ കരുതുന്നത്. ഗോധ്രയിൽ തീവണ്ടി കത്തിക്കപ്പെട്ട ശേഷം ജനങ്ങൾ മുന്നേറ്റവുമായി ഇറങ്ങിയത് ഖാദർ കണ്ടതാണല്ലോ''.

ബുധനാഴ്ച പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിനിടെ, കർണാടകയിൽ നിയമഭേദഗതി നടപ്പാക്കാൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ശ്രമിച്ചാൽ സംസ്ഥാനത്ത് തീക്കട്ട തെറിക്കുമെന്ന് ഖാദർ പ്രസംഗിച്ചിരുന്നു. 

ഇതിനെതിരായാണ് സി ടി രവിയുടെ പ്രസ്താവന. അതേസമയം, മംഗളുരുവിൽ പൊലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ അവിടെ നിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സാഹചര്യമാണുള്ളത്. എന്താണ് അവർക്ക് സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ ഒരു സ്ഥിരീകരണവുമില്ല. ഇവിടെ നിന്ന് വാർത്തകൾ പുറത്തു വരുന്നതിനും കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. ഇവർക്ക് എന്താണ് കൃത്യമായി സംഭവിച്ചതെന്നതിൽ മറുപടി പറയാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. ചില വ്യാജ മാധ്യമപ്രവർത്തകർ ആയുധങ്ങൾ കയ്യിൽ വച്ച് ആശുപത്രിയിലേക്ക് കയറിയെന്ന വാർത്തകൾ പൊലീസ് തന്നെ ചില ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു. ആഭ്യന്തരമന്ത്രി ഇവരെ വിട്ടയച്ചു എന്ന് പറയുന്നുണ്ടെങ്കിലും കസ്റ്റഡിയിലായ പത്ത് പേരുടെയും ഫോണുകൾ സ്വിച്ച്ഡ് ഓഫായ നിലയിലാണ്. കർണാടക പ്രസ് അക്രഡിറ്റേഷൻ ഇല്ലാത്തതിനാൽ അവരെ മാറ്റുകയാണെന്ന വിചിത്രമായ ന്യായീകരണമാണ് പൊലീസ് പറയുന്നത്. പൊലീസ് ചോദിച്ചപ്പോൾ ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, മീഡിയ വൺ, ന്യൂസ് 18 എന്നീ ചാനലുകളുടെ മാധ്യമപ്രവർത്തകർ കൃത്യമായി ഐഡി കാർഡുകൾ നൽകിയിരുന്നതാണ്. എന്നാൽ ഈ രേഖ പരിശോധിക്കാൻ കസ്റ്റഡിയിലെടുക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. അതിന് മിനിറ്റുകൾ മാത്രം മതിയെന്നിരിക്കേ മണിക്കൂറുകൾക്ക് ശേഷവും അവരെവിടെയാണ് എന്ന് വിവരമില്ല. കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് കർണാടക അക്രഡിറ്റേഷൻ എടുക്കേണ്ടതില്ല. കർണാടക മാധ്യമപ്രവർത്തകർക്ക് തിരിച്ചും. അതിനാൽ അക്രഡിറ്റേഷൻ ഇല്ലാത്തവരെല്ലാം വ്യാജമാധ്യമപ്രവർത്തകരാണെന്ന് പറയുന്ന വാദങ്ങളും അതിനാൽ പരിഹാസ്യമാണ്. 

ആശുപത്രിയുടെ പുറത്ത് നിന്നിരുന്ന, മരിച്ചവരുടെ ബന്ധുക്കളോട് മാധ്യമപ്രവ‍ർത്തകർ സംസാരിക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസെത്തി കസ്റ്റഡിയിലെടുക്കുന്നത്. പൊലീസ് സ്റ്റേഷൻ തീ വയ്ക്കാൻ ശ്രമിച്ചവരെ വെടിവച്ച് കൊന്നു എന്നാണ് കർണാടക ആഭ്യന്തരമന്ത്രിയടക്കം പറയുന്ന വിശദീകരണം. എന്നാൽ മരിച്ചവർ, നിന്നിരുന്നത് പൊലീസ് സ്റ്റേഷനിൽ നിന്ന് വളരെ അകലെയായിരുന്നു എന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. അതിനാൽ ഈ വാർത്തകൾ അടക്കം പുറത്തുവരാതിരിക്കാൻ ആസൂത്രിതമായ നീക്കമാണ് മംഗളുരു പൊലീസ് നടത്തുന്നു.

click me!