ബെംഗളൂരു: കര്‍ണാടകയില്‍ യെദിയൂരപ്പ രാജി വച്ചതോടെ പുതിയ മുഖ്യമന്ത്രിക്കായുള്ള തിരക്കിട്ട ചര്‍ച്ചയില്‍ ബിജെപി. നിയമസഭാകക്ഷി നേതാക്കളുമായുള്ള കൂടിയാലോചനയ്ക്കായി കേന്ദ്രനിരീക്ഷക സംഘം ബെംഗളുരുവിലെത്തി. എല്ലാ സമുദായ നേതാക്കള്‍ക്കും പ്രാതിനിധ്യം നല്‍കി സമ്പൂര്‍ണ മന്ത്രിസഭാ അഴിച്ചുപണിക്കാണ് നീക്കം. നാല് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്ന കാര്യവും പരിഗണനയിലാണ്. അതേസമയം കൂറുമാറിയെത്തിയവര്‍ക്ക് അര്‍ഹമായ പരിഗണന വേണമെന്ന് വിമത നേതാക്കള്‍ ആവശ്യപ്പെട്ടു.
ദക്ഷിണേന്ത്യയിലെ ബിജെപി മുഖമായിരുന്ന യെദിയൂരപ്പയ്ക്ക് പകരം ആരെന്ന സസ്പെന്‍സ് തുടരുകയാണ്. പുതിയ നേതൃത്വത്തെയോ പിന്‍ഗാമികളെയോ യെദിയൂരപ്പ വളര്‍ത്തിയിട്ടില്ല. പുതുമുഖങ്ങളെ കൊണ്ടുവന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും സമ്പൂര്‍ണ മാറ്റത്തിനാണ് കളമൊരുങ്ങുന്നത്.
ബിജെപിയുടെ വോട്ട് ബാങ്കായ ലിംഗായത്തിന് പുറമേ മറ്റ് സമുദായങ്ങളെ കൂടി ഒപ്പം നിര്‍ത്താനാണ് ശ്രമം. ദക്ഷിണ കര്‍ണാടകയില്‍ ശക്തമായ സ്വാധീനമുള്ള വൊക്കലിഗ വിഭാഗത്തിൽ നിന്നും, പിന്നാക്ക വിഭാത്തില്‍ നിന്നും നേതാക്കളെ കൂടി ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭാ അഴിച്ചുപണി. എല്ലാവര്‍ക്കും പ്രതിനിധ്യം ഉറപ്പാക്കാന്‍ നാല് ഉപമുഖ്യമന്ത്രിമാരെ നിയമിക്കും. നിലവിലുള്ള മൂന്ന് ഉപമുഖ്യമന്ത്രിമാരില്‍ രണ്ട് പേരെ മാറ്റും. ഖനി മന്ത്രി മുരുകേശ് നിരാനി, യെദിയൂരപ്പയുടെ വിശ്വസ്ഥന്‍ ബസവരാജ് ബൊമ്മെ, ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സുവാധി എന്നിവരെയാണ് ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ക്കായി ആര്‍എസ്എസിന്‍റെ സമ്മര്‍ദ്ദമുണ്ട്. ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍, സദാനന്ദ ഗൗഡ എന്നീ വൊക്കലിഗ നേതാക്കളും സജീവ പരിഗണനയിലാണ്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള രൂപാലി നായ്ക്കിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയേക്കും.
സഖ്യസര്‍ക്കാരിനെ വീഴ്ത്തി യെദിയൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ 17 പേര്‍ക്കും അര്‍ഹമായ സ്ഥാനങ്ങള്‍ വേണമെന്ന് വിമത നേതാക്കള്‍ ആവശ്യപ്പെട്ടു. 13 പേര്‍ നിലവില്‍ മന്ത്രിമാരാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam