
മംഗളൂരു: കര്‍ണാടകത്തില്‍ മദ്യപിച്ചെന്ന് ആരോപിച്ച് യാത്രക്കാരനെ ബസില്‍ നിന്ന് ചവിട്ടി താഴെയിട്ട കണ്ടക്ടര്‍ക്ക് എതിരെ നടപടി. അന്വേഷണ വിധേയമായി കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. നട്ടെല്ലിന് പരിക്കേറ്റ യാത്രക്കാരന്‍റെ ചികിത്സാചെലവ് കര്‍ണാടക ആര്‍ടിസി ഏറ്റെടുത്തു.
വാക്കേറ്റമുണ്ടായതിന് പിന്നാലെ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു യാത്രക്കാരനെ ബസ്സിന് പുറത്തേക്ക് കണ്ടക്ടര്‍ ചവിട്ടി വീഴ്ത്തിയത്. പുറം അടിച്ച് വീണ യാത്രക്കാരന്‍റെ നട്ടെല്ലിന് കാര്യമായി പരിക്കേറ്റു. റോഡിലേക്ക് തെറിച്ച് വീണ യാത്രക്കാരൻ അബോധാവസ്ഥയിലായെന്ന് കണ്ടതോടെ ബസ്സ് പുറപ്പെടാന്‍ കണ്ടക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണ കന്നഡ പുത്തൂര്‍ ഡിപ്പോയിലെ ബസ്സാണെന്നും അതേ ഡിപ്പോയിലെ കണ്ടക്ടര്‍ സുകുരാജ് റായ് ആണ് കണ്ടക്ടറെന്നും തിരിച്ചറിഞ്ഞത്.
കണ്ടക്ടറെ വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് കര്‍ണാടക ആര്‍ടിസി എംഡിയും രംഗത്തെത്തി. ഇത്തരത്തിൽ മോശമായി പെരുമാറുന്ന ജീവനക്കാര്‍ക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കര്‍ണാടക ആര്‍ടിസി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ യാത്രക്കാരൻ അമിതമായി മദ്യപിച്ചിരുന്നെന്നും മോശം രീതിയില്‍ പെരുമാറിയെന്നും ഇതിന്‍റെ ദേഷ്യത്തിലായിരുന്നു സംഭവമെന്നും കണ്ടക്ടര്‍ സുകുരാജ് റായ് വിശദീകരിച്ചു. നട്ടെല്ലിന് പരിക്കേറ്റ യാത്രക്കാരന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതി. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായൂർ റൂട്ടിൽ മരണയോട്ടം നടത്തി സർവീസ് നടത്തിയ രാജപ്രഭ ബസ് തടഞ്ഞിട്ടത്. രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടിൽ കടന്നു പോകുകയായിരുന്നു. എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവർ നടത്തിയ അതിക്രമം മൂലം ചാലിലേക്ക് സാന്ദ്രയ്ക്ക് വാഹനം ഇറക്കേണ്ടി വന്നു. വാഹനം ഒതുക്കിയെങ്കിലും, തുടർന്ന് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam